ഭാരതീയ മസ്ദൂര്‍ സംഘം(ബിഎംഎസ്)കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുന്ന വേളയില്‍ നാല്പതുവര്ഷം മുന്‍പ് അതായത് 1977 ല്‍ ആ സംഘടനയുമായി ബന്ധമുള്ള എന്റെ ആത്മമിത്രത്തിന്റെ സേവാ മനഃസ്ഥിതിയെക്കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി.
ഒരു ദേശസാല്‍കൃത ബാങ്കില്‍ ഓഫീസറായി പ്രവര്‍ത്തിക്കവെ, 1977 വര്‍ഷാവസാന വേളയില്‍ എറണാകുളത്തുവച്ച് ഭാരതത്തിലെ എല്ലാ ദേശസാല്‍കൃത ബാങ്കുകളുടെയും ചെയര്മാന്മാരുടെ ഒരു സമ്മേളനം നടക്കുമെന്ന വിവരം അയാളറിഞ്ഞു. അന്നത്തെ കേരളാ ഡിവിഷണല്‍ മാനേജരുമായി സംസാരിച്ചശേഷം, ഇന്നത്തെ പശ്ചിമകൊച്ചി (മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി)യിലെ നൂറില്‍പ്പരം ചെറിയവരിലും ചെറുകിടക്കാരായ കച്ചവടക്കാരെ നേരിട്ടുകണ്ട്, അവരുടെ ധനാവശ്യം അയാള്‍ മനസ്സിലാക്കുകയും, അവര്‍ക്ക് കച്ചവടം നടത്തുവാനായി ബാങ്കുവായ്പ ഏര്‍പ്പാടാക്കുകയും ചെയ്തു. ആ ചെറുകിട കച്ചവടക്കാരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.
വായ്പ ലഭിക്കുന്നവരില്‍ ഭൂരിപക്ഷംപേരും സമ്മേളന സ്ഥലത്തെത്തി, ബാങ്ക് ചെയര്മാന് സമ്മേളന അദ്ധ്യക്ഷനില്‍നിന്ന് അവര്‍ക്ക് ധനസഹായം നല്കുന്ന കത്ത് സ്വീകരിക്കുകയും ചെയ്തു. അവിടെ സന്നിഹിതിരായ ഇതര ബാങ്ക് ചെയര്മാന്മാരും അവരുടെ കീഴ് ഉദ്യോഗസ്ഥരും ഈ ധനസഹായ പരിപാടി കണ്ട് ഇളിഭ്യരായിരുന്നത് ഇതെഴുതുന്നവന് ഓര്‍ക്കുന്നു.
എന്റെ ആത്മമിത്രം 1968 മുതല്‍ ബിഎംഎസിന്റെ ഉപഘടകമായ എന്ഒബിഡബ്ല്യുവിലെ അംഗമായിരുന്നു. ‘ജന്മഭൂമി’യിലെ കൊച്ചി പ്രാദേശികവാര്‍ത്തയില്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ബാങ്കുകള്‍ വായ്പ നല്കാത്തതിനാല് പശ്ചിമകൊച്ചിയില്‍ പലിശമാഫിയ സജീവമായിയെന്ന വാര്‍ത്തയാണ് സേവാമനഃസ്ഥിതിക്കാരനായ ആത്മമിത്രത്തെ ഓര്‍ക്കാനുള്ള അവസരം തന്നത്.
വാ. ലക്ഷ്മണ പ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: