ന്യൂദല്‍ഹി: ഒരാഴ്ചത്തെ സസ്പെന്‍സിന് വിരാമം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനെ ഇനി യോഗി ആദിത്യനാഥ് നയിക്കും. ലഖ്നൗവിലെ ലോക് ഭവനില്‍ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഖൊരക്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും എംപിയുമായ ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയും ലഖ്നൗ മേയര്‍ ദിനേശ് ശര്‍മ്മയും ഉപമുഖ്യമന്ത്രിമാരാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചരിത്ര വിജയം നേടിയാണ് 14 വര്‍ഷത്തെ ഇടവേളക്കു ശേഷം യുപിയില്‍ ബിജെപി അധികാരത്തിലെത്തിയത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനകീയനായ ആദിത്യനാഥിനെ ഭരണമേല്‍പ്പിക്കുന്നത്.
ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനായെങ്കിലും യുപിയില്‍ ചര്‍ച്ചകള്‍ നീണ്ടു. കേന്ദ്ര മന്ത്രിമാരുടേതുള്‍പ്പെടെ നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. പിന്നാക്ക സംസ്ഥാനമെന്നതും യുപിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി കണക്കിലെടുത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ ബിജെപി ലക്ഷ്യമിടുന്നു.
ക്രമസമാധാനത്തകര്‍ച്ചയില്‍ കുപ്രസിദ്ധി നേടിയ സംസ്ഥാനമെന്നതും വികസനം മുതല്‍ രാമക്ഷേത്രം വരെയുള്ള വിഷയങ്ങളും ആദിത്യനാഥിന്റെ ചുമതല വര്‍ദ്ധിപ്പിക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ കുടുംബ ഭരണമായിരുന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷിന്റെതെങ്കില് കുടുംബജീവിതം ത്യജിച്ച സന്യാസിയാണ് ആദിത്യനാഥ്. 1998ല്‍ ഇരുപത്താറാം വയസില്‍ ഖൊരക്പൂരില്‍ ആദ്യമായി മത്സരിച്ച് ജയിക്കുമ്പോള്‍ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പിന്നീട് തുടര്‍ച്ചയായി നാല് തവണ ലോക്സഭയിലെത്തി.
ഇത്തവണ തെരഞ്ഞെടുപ്പിലെ താരപ്രചാരകനായിരുന്നു. ഉത്തരാഖണ്ഡിലെ എച്ച്എന്‍ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ആദിത്യനാഥ് ആര്‍എസ്എസ്സിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. എബിവിപിയിലും വിഎച്ച്പിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈന്ദവ ഏകീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഹിന്ദു യുവവാഹിനിയുടെ സ്ഥാപകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: