കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. എറണാകുളം കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസം സുനി ഏല്‍പ്പിച്ച മൊബൈല്‍ സംബന്ധിച്ച് പ്രതീഷ് ചാക്കോ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ഡിവൈഎസ്പി ബാബുകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചുവെന്നാണ് സുനി പൊലീസില്‍ നല്കിയ മൊഴി. മെമ്മറി കാര്‍ഡും സുനിയുടെ വസ്ത്രങ്ങളുമടങ്ങിയ ബാഗ് പ്രതീഷിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
സുനി ഏല്‍പ്പിച്ച ഫോണ്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതീഷ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പൊലീസ് തേടുകയാണ്. പ്രതീഷ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുംവരെ കാത്തിരിക്കുകയാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: