കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളില്‍ ടെറ്റനസ് കുത്തിവയ്പ്പിന് വാക്സിന് ലഭ്യമല്ല. മരുന്ന് കമ്പനികള്‍ വില്‍പ്പന നിര്‍ത്തിവച്ചതാണ് കാരണം. കേന്ദ്ര സര്‍ക്കാര്‍ ടെറ്റനസ് ടോക്സോയ്ഡിന്റെ (ടിടി ഇന്ജക്ഷന്) വില വെട്ടിക്കുറച്ചിരുന്നു. ഈ കുത്തിവയ്പ്പില്ലാത്തത് അണുബാധയേറ്റുള്ള മരണങ്ങള്‍ക്കിടയാക്കും.’
വിലനിയന്ത്രണം വരും മുന്‍പ് ടിടി കുത്തിവയ്പ്പിന് ആശുപത്രികള്‍ ഈടാക്കിയിരുന്നത് 11 മുതല്‍ 15 രൂപ വരെ. വില അഞ്ച് രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. എന്നാല്‍, മരുന്നുകമ്പനികള്‍ ഇത് അട്ടിമറിക്കുന്നു. മൊത്തക്കച്ചവടക്കാരില്‍ നിന്ന് കമ്പനികള്‍ കൂടിയ വിലയുടെ മരുന്നുകള്‍ തിരിച്ചെടുത്തെങ്കിലും പുതുക്കി നിശ്ചയിച്ച വിലയ്ക്ക് പുതിയ സ്റ്റോക്ക് നല്‍കിയിട്ടില്ല. സ്റ്റോക്ക് തിരിച്ചെടുക്കാതെ പുതുക്കിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തണമെന്നാണ് നിയമം. എന്നാല്‍, കമ്പനികള്‍ ഇതു പാലിക്കുന്നില്ല.
ആശുപത്രി ഫാര്മസികൡ ടിടി വാക്സിന് തീര്‍ന്നിട്ട് ദിവസങ്ങളായി. ടിടി കുത്തിവയ്പ്പ് നല്കാനാകാതെ അധികൃതര്‍ വിഷമിക്കുന്നു. മുറിവുകളില്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യമായി എടുക്കേണ്ട കുത്തിവയ്പ്പില്ലാത്തത് ആശുപത്രികളില്‍ സംഘര്‍ഷത്തിനും കാരണമാകുന്നു.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഹൈദരാബാദ് ആസ്ഥാനമായ ബിഇ എന്നിവയാണ് ടിടി വാക്സിന് ഉത്പാദിപ്പിക്കുന്നത്. ഒരു ദിവസം കേരളത്തില്‍ മാത്രം രണ്ട് ലക്ഷത്തിലധികമാണ് ആവശ്യം. ഡ്രഗ് കണ്ട്രോളര് നടപടി സ്വീകരിച്ചില്ലെങ്കില്‍ വാക്സിന് ക്ഷാമംമൂലം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. സംസ്ഥാനത്ത് ടെറ്റനസ് ബാധിച്ച് മരണനിരക്ക് വര്‍ധിക്കും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വില വെട്ടിക്കുറച്ചിരുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സ്വകാര്യ ആശുപത്രികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: