2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമാണ് യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സ് (യുപിഎ) അല്ലെങ്കില്‍ ഐക്യ പുരോഗമന മുന്നണി എന്ന പേരില്‍ ഒരു സഖ്യം കോണ്‍ഗ്രസ് തുന്നിചേര്‍ത്തത്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് നീണ്ട ആറര വര്‍ഷക്കാലം അധികാരത്തിന് പുറത്തുനില്‍ക്കേണ്ടിവന്നു. അത് പല നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അസഹനീയമായിരുന്നു. അതുകൊണ്ടുതന്നെയാണ് 145 സീറ്റ് നേടിയിട്ടും 2004ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ കഠിനശ്രമം നടത്തിയത്.
ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ തോല്‍വി അടിയന്തരാവസ്ഥക്കുശേഷം 1977 ല്‍ നടന്ന ആറാം ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു. ആദ്യമായി ഭരണത്തിന് പുറത്തുപോയ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 154 സീറ്റ് ലഭിച്ചു. രാജീവ് ഗാന്ധി പരാജയം സമ്മതിച്ച 1989 ലെ ഒന്‍പതാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കിട്ടിയത് 197 സീറ്റായിരുന്നു. പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസുതന്നെ സമ്മതിച്ച ആ രണ്ട് തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കിട്ടിയ സീറ്റുകളെക്കാള്‍ കുറവായിരുന്നു ‘സോണിയ തരംഗമെന്ന്’ കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ച 2004 ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയ മൊത്തം 145 സീറ്റ്. എന്നിട്ടും ഭരണം കൈക്കലാക്കാന്‍ ഏതറ്റംവരേയും പോകാന്‍ കോണ്‍ഗ്രസ്സ് തയ്യാറായാത് ചില പ്രത്യേക താല്പര്യങ്ങള് നിലനിര്‍ത്താന്‍ തന്നെയായിരുന്നു.
ഭരണം നഷ്ടപ്പെട്ടാല്‍ പലതും നഷ്ടപ്പെടുന്ന പലര്‍ക്കും പുതുവഴികള്‍ അന്വേഷിച്ചില്ലെങ്കില്‍ അവരുടെ രഹസ്യ ‘കോമണ്‍ മിനിമം പ്രോഗ്രാം’ നടക്കില്ല. പതിനാലാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ ഏഴ് സീറ്റ് മാത്രം കൂടുതല്‍ നേടിയ കോണ്‍ഗ്രസിന് ‘തരംഗത്തിലൂടെ’ അധികാരത്തില്‍ എത്താന്‍’മതേതരതത്വം’ സഹായമായി. സഖ്യകക്ഷികളായ മതേതരവാദികള്‍ക്ക് അധികാരത്തിനും മന്ത്രിപദവിക്കുമപ്പുറം മറ്റൊന്നിലും താല്പര്യമോ ചിന്തയോ ഉണ്ടായിരുന്നില്ല. അത് കോണ്‍ഗ്രസ് നേതൃത്വത്തിന്ന് അറിയാമായിരുന്നു.
വിശിഷ്ടമായ മതേതരത്വത്തിന്റെ പേരില്‍ ചരിത്രത്തില്‍ അന്നുവരെ ഒരിക്കലും യോജിക്കാതെ, ആ തെരഞ്ഞെടുപ്പിലുള്‍പ്പടെ നേര്‍ക്കുനേര്‍ പോരാടിയ, രാഷ്ട്രീയ കക്ഷികളെല്ലാം ബിജെപിക്കെതിരെ ഒന്നിച്ചു. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് കക്ഷികളുടെ സഹായത്തോടെ കോണ്‍ഗ്രസ്സ് നേതൃത്വം മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയാക്കി മന്ത്രിസഭയുണ്ടാക്കി.
തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഉണ്ടാക്കപ്പെട്ട മുന്നണി എന്ന നിലയില്‍ യുപിഎയ്ക്ക് സമ്മതിദായകരുടെ മുന്നില്‍ പൊതുവായ തെരഞ്ഞെടുപ്പ് വാഗ്ദാനം അവതരിപ്പിക്കാനുണ്ടായിരുന്നില്ല. അധികാരത്തിനായി ലാലു മുതല്‍ മുസ്ലിംലീഗുവരെ പാര്‍ലമെന്റില്‍ അണിനിരന്നു. ആരും ആരേയും ഭയക്കാതെ മുന്നണി കക്ഷികളെല്ലാം അവരവരുടെ അധികാരകേന്ദ്രങ്ങള്‍ തുറന്നു. പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസഭക്ക് പുറത്തുനിന്നായിരുന്നു അധികാരത്തിന്റെ നിയന്ത്രണമുണ്ടായത്. ചിലരുടെ താല്പര്യം നടപ്പിലാക്കാന്‍ മുന്നണിക്കൊരു പിന്നണി നിയന്ത്രണവും.
ഒരു തെരഞ്ഞെടുപ്പിലും ഒരിക്കലും ജയിക്കാത്ത മന്മോഹന് സിങ്ങിന് ഔദാര്യമായി ലഭിച്ച പ്രധാനമന്ത്രി സ്ഥാനത്തിന് ആരോടൊക്കെയോക്കെയോ വിധേയത്വമുണ്ടായത് തികച്ചും സ്വാഭാവികം. അതുകൊണ്ടുതന്നെ മന്ത്രിസഭക്ക് മുകളില്‍ കൂടുതല്‍ ശക്തമായ മറ്റൊരു അധികാര കേന്ദ്രവുമുണ്ടായി. ഭരണകാര്യങ്ങള്‍ മാത്രമല്ല സാമൂഹ്യവും സാമ്പത്തികവുമുള്‍പ്പടെ മറ്റ് ഒട്ടനവധി വിഷയങ്ങളും പലരുടെയും താല്പര്യാനുസൃതം നിയന്ത്രിക്കപ്പെട്ടു. ചില കഥകളൊക്കെ രഹസ്യമായിരുന്നു, ആരുടെയൊക്കെയോ സ്വാധീനത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് തീരുമാനങ്ങളൊക്കെ പെട്ടെന്നും.
പല പിന്നാക്ക മേഖലയുടെയും വികസനം മുന്നില്‍ കണ്ട് വാജ്പേയി സര്‍ക്കാരും ചില സംസ്ഥാനങ്ങളും തയ്യാറാക്കിയ വന്‍കിട വ്യവസായ പദ്ധതികള്‍ക്കെതിരെ സന്നദ്ധ സംഘടനക്കള്‍ വാശിയേറിയ പോരാട്ടം നടത്തിയ കാലം. കേന്ദ്രത്തില്‍ ദേശീയ ജനാധിപത്യ സഖ്യം തുടര്‍ന്നും അധികാരത്തിലിരുന്നാല് കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ ഭീഷണി നേരിടുന്നത് മറ്റ് പല സന്നദ്ധ സംഘടനകളുമായിരിക്കുമെന്ന സത്യം ചില കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കണം. ഇടതുപക്ഷത്തെ വിമര്‍ശിച്ച് ശീലമില്ലാത്ത സോണിയാ ഗാന്ധിയെപ്പോലുള്ള നേതാക്കള്‍ക്ക് ഉന്നതരായ ഇടതുനേതാക്കള്‍ എപ്പോഴും സഹായമായിരുന്നു. അതിലുമുണ്ടായിരിക്കാം ചില രഹസ്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ ചിലരുടെ രഹസ്യ താല്പര്യങ്ങള് സംരക്ഷിക്കാനുള്ളതായിരുന്നു പട്ടിണി നിര്‍മാര്‍ജ്ജനം, മതേതരത്വം എന്നീ മുദ്രാവാക്യങ്ങള്‍. ഇത് മനസ്സിലാക്കാന്‍ രണ്ട് സംഭവങ്ങള്‍ പരിശോധിക്കാം.
ഒന്ന്, ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ട ഒരു നീണ്ട ഒഡിഷ കഥ. ഒഡിഷയിലെ കാലഹാണ്ടി ജില്ലയില്‍ ലാഞ്ചീഗഢ് എന്ന സ്ഥലത്ത് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേദാന്ത ഗ്രൂപ്പ് ഒറീസ മൈനിങ്ങ് കോര്‍പറേഷന്റെ (ഒഎംസി) സഹായത്തോടെ വന്‍നിക്ഷേപത്തില്‍ ശുദ്ധീകരണശാല നിര്‍മിച്ചു. ഒഎംസിയും ഒഡിഷ സര്‍ക്കാരും വേദാന്തയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം 5000 ടണ്‍ ശുദ്ധീകരണശേഷിയുള്ള വ്യവസായശാലക്ക് ആവശ്യമായ 70 ദശലക്ഷം ടണ്‍ ബോക്സൈറ്റ് നിയംഗിരി മലയില്‍ നിന്ന് ഖനനം ചെയ്യാം. മലയുടെ പല ഭാഗങ്ങളിലും താഴ്വാരത്തിലുമായി രണ്ട് വിഭാഗത്തിലുള്ള ആദിവാസികള്‍ താമസിക്കുന്നു. മുകളില്‍ ഖനനം ചെയ്യുമ്പോള്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതുള്പ്പടെ ആദിവാസികള്‍ നേരിടുന്ന മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളാണ് സന്നദ്ധ സംഘടനകള്‍ ഉന്നയിക്കുന്ന പ്രത്യക്ഷത്തിലുള്ള പ്രശ്നം. പിന്നണിയില്‍ മറ്റ് ചില താല്പര്യങ്ങളുണ്ടെന്നതില് ആര്‍ക്കും സംശയമില്ല.
വേദാന്തയുടെ ലാഞ്ചിഗഢ് അലുമിന ശുദ്ധീകരണശാല നിര്‍മ്മിക്കാനുള്ള ഉടമ്പടിയുടെ ഭാഗമായി കമ്പനി ആ പ്രദേശത്ത് കുടിവെള്ള വിതരണമുള്‍പ്പടെ അടിസ്ഥാന സാമൂഹ്യ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കണം. ലാഞ്ചിഗഢ് പരിസരത്ത് കാലഹാണ്ടി, റായ്ഗഢ് എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 53 ഗ്രാമങ്ങളില്‍ സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ വേദാന്ത നടപ്പാക്കിയതായി കമ്പനി വ്യക്തമാക്കുന്നു. ഈ കൂറ്റന്‍ പദ്ധതിയുടെ ഗുണഭോക്താവായി 10,000 കുടുംബങ്ങളും.
എന്നാല്‍ വിവിധ വിദേശ തദ്ദേശ സന്നദ്ധ സംഘടനകള്‍ പ്രദേശവാസികളായ ഡോംഗറിയ കോന്ത് എന്ന എണ്ണായിരത്തോളമുള്ള വനവാസി വിഭാഗത്തെ സമരസജ്ജരാക്കി. ആ പ്രശ്നം വിദേശ മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും അതില്‍ വിദേശ സംഘടനകളുടെ ശക്തമായ ഇടപെടല്‍ നടക്കുകയും ചെയ്തു.
ഖനനവും അതുവഴി അടിച്ചേല്‍പ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനമായി പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തു. ഒഡിഷ സര്‍ക്കാറിന്റെ വനംവകുപ്പ് പറയുന്നത് ഖനനം വഴി നിയംഗിരിക്ക് മൂന്ന് ശതമാനം മാത്രമേ വനനാശം സംഭവിക്കൂ എന്നാണ്. ഖനനത്തിനുശേഷവും പ്രദേശത്തെ വനവല്ക്കരിക്കാം. ഖനനം വഴി ഡോംഗറിയ കോന്ത് വിഭാഗത്തിന്ന് നഷ്ടപ്പെടുന്നതെല്ലാം ശാശ്വതമായി പരിഹരിക്കാനും, പുനരാധിവാസത്തിന്ന് ആവശ്യമായ സംവിധാനമൊരുക്കാനും കമ്പനിയും സര്‍ക്കാരും എല്ലാ വഴികളും തുറന്നു. പക്ഷെ സമരം പിന്‍വലിച്ചില്ല. 2004ല്‍ യുപിഎ അധികാരത്തില്‍ വന്നതിനുശേഷം എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു, നിയംഗിരിയില്‍ ഖനനത്തിനുള്ള അവകാശം റദ്ദ് ചെയ്യല്‍. ‘സന്നദ്ധ’ സംഘടനകള്‍ വിജയിച്ചു. വനവാസികളെ വഴിതെറ്റിച്ചു.
അതിന് മുന്‍പുതന്നെ ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വേദാന്ത ഗ്രൂപ്പില്‍നിന്ന് അവരുടെ ഓഹരി നിക്ഷേപങ്ങള്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കമ്പനിയും പിന്മാറാന് തയ്യാറായില്ല. സുപ്രീം കോടതി ഇടപെടലിലൂടെ ആദിവാസികളുടെ അഭിപ്രായം നേരിട്ടറിയാന്‍ സന്നദ്ധ സംഘടനകള്‍ ‘നിയമപരമായ’ വഴിയൊരുക്കി.
പിന്നാക്കാവസ്ഥയിലുള്ള നിയംഗിരി എന്ന ആദിവാസി പ്രദേശത്ത് അവരുടെ പട്ടിണിയും നിരക്ഷരതയും ചൂഷണം ചെയ്ത് വലിയൊരു ഭാഗം ആദിവാസികളെ അതിനകം െ്രെകസ്തവ വിശ്വാസികളാക്കി മാറ്റിയിരുന്ന ചരിത്രമുണ്ട് ആ പ്രദേശത്തിന്ന്. സാമ്പത്തിക വികസനം ഇത്തരം മതപരിവര്‍ത്തനം എളുപ്പമാക്കില്ലെന്ന് എല്ലാവര്ക്കുമറിയുന്നതുകൊണ്ട് വികസനങ്ങളെ ഒരുവിഭാഗം എതിര്‍ക്കുന്നതിന്റെ ലക്ഷ്യവും നമുക്ക് മനസ്സിലാക്കാം.
ഇതുപോലുള്ള വന്‍കിട വ്യവസായ പദ്ധതികള്‍ക്കെതിരെ ശക്തമായ ആഗോള പ്രതിഷേധം അഴിച്ചുവിടാന്‍ ശേഷിയുള്ളതും പാശ്ചാത്യ സഹായത്തോടെ വികസനങ്ങള്‍ തകിടംമറിക്കാന്‍ കഴിഞ്ഞതും ഒരു പതിറ്റാണ്ടിലെ യുപിഎ ഭരണത്തിന്റെ കീഴിലായിരുന്നു. ഒരിക്കല്‍ സുപ്രീം കോടതി അംഗീകരിച്ച പദ്ധതി പിന്നീട് കേന്ദ്ര പ്രകൃതി സംരക്ഷണ വകുപ്പ് പുതിയ പഠനത്തിലൂടെ നയംതിരുത്തി സന്നദ്ധ സംഘടനകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ നിഗമനത്തിലെത്തുകയായിരുന്നു. പ്രശ്നങ്ങള്‍ പലതുമായി സുപ്രീം കോടതിയില്‍ കേസ് തുടര്‍ന്നു. വനവാസികളെ ഒരുക്കി സന്നദ്ധ സംഘടനകളുടെ ലക്ഷ്യമനുസരിച്ച് വിധിയും വന്നു.
പദ്ധതി നടപ്പിലാകാതിരിക്കാന്‍ യുപിഎ സര്‍ക്കാരിന് പ്രത്യേക താല്പര്യവുമുണ്ടായിരുന്നു എന്നുവേണം സംശയിക്കാന്‍. പിന്നിലൊളിച്ചിരുന്ന താല്പര്യങ്ങള് പുറത്തുവരാതെ വനവാസികളുടെ സമരം വന്‍ വിജയമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷെ യഥാര്‍ത്ഥ സമര വിജയം മറ്റാരുടേതോ ആയിരുന്നു. രണ്ടാമത്തേത് കാവിയെ എതിര്‍ക്കുന്നവരെല്ലാം നമ്മുടെ രാജ്യത്ത് മതേതരവാദികളാകുന്ന കഥയാണ്.
കാവി അത്രയും വര്‍ജ്ജിക്കപ്പെടേണ്ട നിറമാണോ? ചിലര്‍ക്ക്, തീര്‍ച്ചയായും! ബാങ്ക് ഓഫ് ബറോഡ എന്ന ദേശസല്‍കൃത ബാങ്ക് 2005 ജൂണ്‍ ആറിന് അന്നുണ്ടായിരുന്ന 2800 ഓളം ഇന്ത്യന്‍ ശാഖകളിലും 22 പാശ്ചത്യ രാജ്യങ്ങളിലുമായി വ്യാപിച്ച 50 ഓളം ശാഖകളിലും പുതിയ ലോഗോ പതിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കി. ‘ലോഗോ’യുടെ പേര് ‘ബറോഡ സൂര്യന്’, നിറം കാവി. ഉദിച്ചുയരുന്ന സൂര്യന്റെ നിറം കാവിയാകുന്നത് ചിലരുടെ മതേതര ബോധത്തെ വൃണപ്പെടുത്തിയിട്ടുണ്ടാകണം. പൊതുമേഖലാ ബാങ്ക് എന്ന കാരണത്താല്‍ എല്ലാം ധനമന്ത്രാലയത്തിന്റെ കീഴിലാണെന്ന കാഴ്ചപ്പാടും. ബാങ്കിന്റെ ചെയര്‍മാനായ ധനമന്ത്രി പി. ചിദംബരം മാനേജിങ് ഡയറക്ടര്‍ അനില്‍ ഖണ്ഡേല്‍വാലിനെ വിളിച്ച് ദല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ആരാണ് നിങ്ങള്‍ക്ക് ബാങ്കിന്റെ ‘ലോഗോ’ കാവി നിറമാക്കാന്‍ അവകാശം തന്നത്? ചിദംബരം ചോദിച്ചു. ഉടനെ ‘ലോഗോ’യുടെ നിറം മാറ്റാനുമാവശ്യപ്പെട്ടു.
ബാങ്കിന്റെ ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗീകരിച്ച ‘ലോഗോ’ യാണ് നടപ്പാക്കാന്‍ പോകുന്നത്. അതിന് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായശേഷം മറ്റൊരു നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയച്ച ഖണ്ഡേല്വാല്, ചിദംബരത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രശ്നപരിഹാരത്തിന്ന് അഹമ്മദ് പട്ടേലിനെ കണ്ടു. ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിക്കാന്‍ ഒരുതരത്തിലുള്ള അവകാശവുമില്ലാത്ത അഹമ്മദ് പട്ടേലിന്റെ മുന്നില്‍ ആ പ്രശ്നങ്ങള്‍ എത്തിയത് എങ്ങനെയായിരുന്നു? ആദ്യം വഴങ്ങാത്ത അഹമ്മദ് പട്ടേലിന്, ഖണ്ഡേല്വാലിന്റെ ചില പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു. ‘സര്, ബാങ്ക് കാവി നിറം മാറ്റാം, പക്ഷെ ആര്‍ക്കും നമ്മുടെ ദേശീയ പതാകയില്‍ നിന്ന് കാവി നിറം മാറ്റാന്‍ കഴിയില്ല. ബാങ്ക് ഉപയോഗിച്ചത് ദേശീയ പതാകയിലെ ഒരു നിറം മാത്രമാണ്,’ ഖണ്ഡേല്വാല് പ്രതികരിച്ചു. അഹമ്മദ് പട്ടേല്‍ നിശബ്ദനായി. ഇത്തരം സംഭവങ്ങളാണ് നമ്മുടെ രാജ്യത്ത് മതേതരത്വം നിര്‍വചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: