ഹിന്ദുവിന് ഒരു മുസ്ലീം വോട്ട് ചെയ്യാമോ എന്നതാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം അതിപുരോഗമനവാദികള്‍ മൂക്കത്ത് വിരല്‍വച്ച് ചോദിക്കുന്നത്. വിന്ധ്യശൈലത്തിന്റെ താഴ്വരകള്ക്കിപ്പുറത്തേക്ക് സഹ്യാദ്രി മണല്‍ത്തിട്ടയും കടന്ന് അവര്‍ ഇക്കാലമത്രയും പറഞ്ഞു ‘ഭയപ്പെടുത്തിയിരുന്ന ആ മഹാവിപത്ത് ഇങ്ങ് കേരളത്തിലും പൂക്കാലം കൊതിച്ചുതുടങ്ങിയ കാലത്താണ് ഇമ്മാതിരി ഒരു ചോദ്യം പ്രബുദ്ധതമൂത്ത് ആരെയും പീഡിപ്പിച്ചുകളയാവുന്ന തരത്തില്‍ വിജൃംഭിച്ചുനില്‍ക്കുന്ന മാര്‍കസിസ്റ്റ് ബുദ്ധിജീവികള്‍ ആവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഒറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതെ ബിജെപിക്കാര്‍ കൊയ്തെടുത്ത വിജയമാണ് അവരെ ഭയപ്പെടുത്തുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുമ്പോള് മുത്തലാക്ക് പ്രേമികളുടെ ഈ ഭയം അസ്ഥാനത്തല്ല. അതുകൊണ്ടാണ് മുസ്ലീങ്ങള്‍ ഹിന്ദുവിന് വോട്ട് ചെയ്യാമോ എന്ന തികച്ചും മതേതരമായ ചോദ്യം പിന്നെയും പിന്നെയും പിന്നെയും ഉയരുന്നത്.
മുസാഫര്‍പൂരും ദാദ്രിയും ഫരീദാബാദും ബീഫും അസഹിഷ്ണുതയും ഖബറിസ്ഥാനും പോരാഞ്ഞ് തവിടുപൊടിയായി മണ്ണോടുചേര്‍ന്ന് മറഞ്ഞ ബാബറിസ്മരണകളും സമാസമം ചേര്‍ത്ത് കുഴച്ച് വിളമ്പിയിട്ടും യുപിയിലെ മുസ്ലീം ജനസാമാന്യം കൂട്ടത്തോടെ പോയി താമരയ്ക്ക് വോട്ട് ചെയ്തതിന്റെ അങ്കലാപ്പിലാണ് മതേതരത്വം തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങുന്ന ആഗോളപുരോഗമനവാദികള്.
അഖണ്ഡദേശീയതയുടെ പതാകയും പാട്ടുകളുമായി സഹസ്രാവധി സാധനാസ്ഥാനങ്ങളില് നിശ്ശബ്ദം തപം ചെയ്ത നിസ്വാര്‍ത്ഥികളായ പതിനായിരങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അഴുക്കുചാലുകളില്‍ ജാതിയില്ലാത്ത, മതവിവേചനമില്ലാത്ത ജീവിതത്തെക്കുറിച്ച് പറഞ്ഞും പ്രചരിപ്പിച്ചും നേടിയെടുത്ത ഐതിഹാസികമായ വിജയത്തെയാണ് എല്ലാ പിടിവള്ളിയും നഷ്ടമായ നുണപ്രചാരണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ വര്‍ഗീയത, വിഭാഗീയത എന്ന് പഴഞ്ചരക്കുകള്‍ കൊണ്ട് വക്രീകരിക്കാന്‍ നോക്കുന്നത്.
ഓരോ പെരുന്നാളിനും മാസങ്ങള്‍ നീണ്ട കലാപങ്ങളും കൊള്ളിവയ്പും ആണ്ടുനേര്ച്ചയായിരുന്ന ഒരു കാലമുണ്ട് ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും ഗുജറാത്തിനുമൊക്കെ. പോലീസ് വെടിവെയ്പും ലാത്തിച്ചാര്ജുമില്ലാതെ കടന്നുപോകില്ലായിരുന്നു മുഹറവും ദീപാവലിയുമൊന്നും. കോണ്‍ഗ്രസ് എന്ന വിഴുപ്പുഭാണ്ഡം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിലേക്ക് കുതിച്ച അന്നാട്ടുകാര്‍ മോചനം നേടിയത് തുടര്‍ച്ചയായി കലാപങ്ങളില്‍ നിന്നുകൂടിയായിരുന്നു. ഗോധ്രാനന്തര കലാപത്തെ ചൂണ്ടിക്കാട്ടി നരേന്ദ്രമോദിയെ വേട്ടയാടുന്നത് ഇന്നും അവസാനപ്പിച്ചിട്ടില്ലാത്ത നുണക്കഥാകൃത്തുക്കളുണ്ട്.
ഗോധ്രയിലെ സബര്‍മതി എക്സ്പ്രസില്‍ ആറാം നമ്പര്‍ ബോഗിക്ക് തീയിട്ട് രാമഭക്തരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രതികരണമെന്നോണം ഗുജറാത്തില്‍ ഒരു കലാപമുണ്ടായി. നാല്പത്തെട്ടുമണിക്കൂര് കൊണ്ട് ആ കലാപത്തെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തി. ഇനിയൊരു കലാപത്തിന് ആരും ധൈര്യപ്പെടാത്ത വിധം അടിച്ചമര്‍ത്തി.
കോണ്‍ഗ്രസ് മുതല്‍ അധികാരം അപ്പക്കഷ്ണമാണെന്ന് കരുതിയ സകലമാന ലൊട്ടുലൊടുക്ക് രാഷ്ട്രീയക്കാരന്റെയും ആദ്യത്തെയും അവസാനത്തെയും ആയുധം അവിടെ ജാതിയും മതവുമായിരുന്ന കാലമുണ്ടായിരുന്നു. കൊടിപിടിക്കാന്‍ പോലും കൂലിക്ക് ആളിനെ കിട്ടാത്ത മാര്‍ക്സിസ്റ്റ് മുതലുകള്‍ അവര്‍ക്ക് ചായക്കാശ് കിട്ടുന്ന ഇടങ്ങളിലൊക്കെ അത് തന്നെയാണ് പ്രയോഗിച്ചത്. മലപ്പുറത്തും പൊന്നാനിയിലും ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുസ്ലീം വോട്ട് ചെയ്യില്ലെന്ന കട്ട മതേതരചിന്തയാണ് അവരുടെ പിടിവള്ളി.
ഞങ്ങളിലില്ലാ മുസ്ലീം രക്തമൊന്നൊക്കെ പള്ളിക്കൂടവരാന്തകളില്‍ പ്രായമുറയ്ക്കാത്ത പിള്ളേരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന അതേ ആളുകള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കന്റെയും യാക്കോബായക്കാരന്റെയും ഓര്‍ത്തഡോക്സ് പിതാക്കന്മാരുടെയുമൊക്കെ അരമനകളില്‍ അത്താഴമുണ്ണാന്‍ എത്തുകയും കാലുകഴുകിക്കുടിക്കുകയും കൈത്തലം മുത്തുകയും ചെയ്യും.
പാര്‍ട്ടി സമ്മേളനം മലപ്പുറത്ത് വച്ചാല്‍ ചെങ്കൊടിയില്‍ പച്ചച്ചായം അടിക്കാന്‍ ഉളുപ്പ് കാണിക്കാത്ത മതേതരത്വമാണ് അവര്‍ കൊണ്ടാടുന്നത്. അതുകൊണ്ടാണ് യുപി തെരഞ്ഞെടുപ്പ് നരേന്ദ്രമോദിക്കുള്ള മുത്തലാക്ക് ആയിരിക്കുമെന്ന് പാര്‍ട്ടിയുടെ മുതലാളി സീതാറാം യെച്ചൂരി ഇങ്ങ് തിരുവനന്തപുരത്ത് വന്ന് പ്രസംഗിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന യൂപിയിലെ ഏതെങ്കിലും ഒരുകവലയില് കസേരയും മൈക്കും കയ്യടിക്കാന്‍ നാലാളെയും കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാവണം പാവം യെച്ചൂരി ഇവിടെ വന്ന് മുത്തലാക്ക് എന്ന ചീട്ട് ഇറക്കിയത്. ലക്ഷ്യം യുപിയിലെ മുസ്ലീങ്ങളല്ലെന്ന് സാരം.
ഡിവൈഎഫ്ഐ എന്നാല്‍ കടലയോ എള്ളിന്പിണ്ണാക്കോ എന്ന് അഖിലേന്ത്യാപ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മുഖത്ത് നോക്കി മാര്‍ക്കണ്ഡേയ കാട്ജു ചോദിച്ചത് അടുത്തിടയ്ക്കാണ്. അത്രയ്ക്ക് പരമവേസ്റ്റാണ് കേരളത്തില്‍ നടുറോഡില്‍ ചുംബിച്ചും അദ്ധ്യാപകരെ തല്ലിയും കോളേജ് വരാന്തയില്‍ പോത്തിറച്ചി വിളമ്പിയും വീട്ടില്‍ അമ്മയെ വിളിച്ചുശീലമുള്ള തെറിയത്രയും ചുവരിലെഴുതിപ്പതിപ്പിച്ചും കസേര കത്തിച്ചും പൂണ്ടുവിളയാടുന്ന ഈ ആഭാസയുവത്വം. കേരളം വിട്ടാല്‍ ആര്‍ക്കും അറിയാത്ത ഈ വിപ്ലവക്കുരുന്നുകളാണ് നാടൊട്ടുക്ക് നടന്ന് മുസ്ലീം ഹിന്ദുവിന് വോട്ട് ചെയ്യുമോ എന്ന് പ്രകോപിപ്പിക്കുന്നത്.
ഭാരതത്തിലെമ്പാടും മുസ്ലീം ജനത ദേശീയതയുടെ പകിട്ടും പെരുമയും ലാളിത്യവും അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. നുണക്കഥകള്‍ കൊണ്ട് ഇത്രകാലം തങ്ങളെ ദേശീയധാരയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചവര്‍ക്ക് അവര്‍ ഏറ്റവും കരുത്തുള്ള ജനാധിപത്യം കൊണ്ട് മറുപടി നല്കുന്നു. ഭാരതീയനെ മുസ്ലീമെന്നും ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും കള്ളിതിരിച്ച് അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് ചന്തയില്‍ വില്ക്കാന് വച്ചവരോട് അവര്‍ വോട്ട് കൊണ്ട് മറുപടി നല്കുന്നു. എന്താ ഹിന്ദുവിന് വോട്ട് ചെയ്താല്‍ എന്ന് മുസ്ലീം സമൂഹം ചോദിക്കുന്നു. അത് ഇക്കാലമത്രയും മതം പറഞ്ഞ് വോട്ട് പിടിച്ചവന്റെ നെഞ്ചില്‍ വീഴുന്ന വെള്ളിടിയാണ്. ഗുജറാത്തില്‍ മുസ്ലീങ്ങളെ വംശഹത്യ ചെയ്തവനാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം നരാധമനാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ അവര്‍ പര്‍ദയിട്ടും തട്ടമണിഞ്ഞും തൊപ്പിയിട്ടും കൂട്ടത്തോടെ ഒഴുകിയെത്തി. മോദിയുടെ പാര്‍ട്ടിക്ക് സംശയമില്ലാതെ വോട്ട് ചെയ്തു.
ജാട്ടും യാദവനും പട്ടേലും രാജ്പുത്തുമല്ല ഭാരതീയനാണ് താനെന്ന് ഒരു പ്രധാനമന്ത്രി അവര്‍ക്ക് കാട്ടിക്കൊടുത്തു. എന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ വെച്ചുവിളമ്പിയ പുരോഗമനം തിന്ന് അജീര്‍ണം ബാധിച്ച കേരളത്തിലെ മാധ്യമവിപ്ലവകാരികള്ക്ക് എല്ലാം ജാതിയാണ്, മതമാണ്. സിനിമാ അവാര്ഡില്പോലും അവര്ണമുന്നേറ്റവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും കാണാനാണ് അവര്‍ക്ക് നേരം.
തങ്ങള്‍ക്കൊപ്പം കൊടിപിടിച്ചു നടന്നവരില്‍ ജാതിവിരോധം കുത്തിനിറച്ച് അവരുടെ വെട്ടത്തില്‍ ട്രംപുരാന്മാരായവര് ഇപ്പോള്‍ സാക്ഷാല്‍ ട്രംപിനെപ്പോലെ അയിത്തക്കാരെ കണ്ടെത്തി പുറത്താക്കി അവര്‍ക്ക് പാര്‍ക്കാന്‍ പട്ടികജാതിക്ഷേമസമിതികള് ഉണ്ടാക്കുന്ന തിരക്കിലാണ്. മതമില്ലാത്ത ജീവന് പാഠപുസ്തകത്തിലും മതപ്രീണനത്തിന്റെ കുഷ്ഠം മനസ്സിലും നിറച്ച് തീവണ്ടിമുറികളിലെ കക്കൂസ് ഭിത്തികളില്‍ വരച്ചും കുറിച്ചും വയ്ക്കുന്ന മാലിന്യങ്ങളത്രയും പൊതുനിരത്തുകളില്‍ വിളമ്പുന്ന അശ്ലീല രാഷ്ട്രീയത്തോട് കേരളം യുപിയിലേതുപോലെ മറുപടി പറയാന്‍ തയ്യാറെടുക്കുകയാണ് ഇനി വരുന്ന നാളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: