ചെന്നൈ: സുപ്രീംകോടതി ആറ് മാസത്തേക്ക് ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്ണ്ണന് സര്‍വീസില്‍ നിന്ന് ഇന്ന് വിരമിക്കുന്നു. ഒളിവിലായിരിക്കുമ്പോള്‍ വിരമിക്കുന്ന രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജിയാണ് കര്ണന്.
ഒളിവില്‍ പോയ കര്‍ണ്ണനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കര്‍ണ്ണനെക്കുറിച്ച് ആര്‍ക്കും യാതൊരു വിവരവുമില്ല. സുപ്രീംകോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് കല്‍ക്കട്ടയില്‍ നിന്നും ചെന്നൈയിലേക്ക് പോയതാണ്.
പശ്ചിമബംഗാളില്‍ നിന്നുള്ള പോലീസ് സംഘം കര്‍ണ്ണനായി ഇപ്പോഴും ചെന്നൈയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഉത്തരവ് സുപ്രീംകോടതിയുടെതാണെന്നും എന്തെങ്കിലും പുരോഗതിയില്ലാതെ ഇവിടെ നിന്ന് പോകാനാവില്ലെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ആവശ്യമെങ്കില്‍ ബംഗാളില്‍ നിന്ന് കൂടുതല്‍ സംഘത്തെ കൊണ്ടുവരുമെന്നും ഇവര്‍ പറഞ്ഞു.
സുപ്രീംകോടതിക്കെതിരെ തുടര്‍ച്ചയായി വിധി പ്രഖ്യാപിക്കുകയും ആക്ഷേപിക്കുകയും ചീഫ് ജസ്റ്റീസ് ഉള്‍പ്പടെയുള്ള ജഡ്ജിമാരെ ശിക്ഷിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ണ്ണനെ ശിക്ഷിച്ചത്. മെയ് 9ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പടെയുള്ള ഏഴംഗ ബെഞ്ചാണ് കര്‍ണ്ണനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് പത്താം തീയതി കര്ണ്ണന് ഒളിവില്‍ പോയതാണ്.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പശ്ചിമബംഗാളില്‍ നിന്നുള്ള പോലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: