ദാതവ്യമിതി യദ്ദാനം,
ദീയതേളനുപകാരിണേ
ദേശേ കാലേ ച പാത്രേ ച
തദ്ദാനം സാത്ത്വികം സ്മൃതം. (17.20)
മൂന്നു തരം ദാനങ്ങള്‍, അവയുടെ സ്വഭാവം ഇങ്ങനെ:
കൊടുക്കേണ്ടതാണ് എന്നുള്ള നിശ്ചയത്തോടെ പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്ത്വികമാണ്.
ഇത് വിശ്വസ്തയായ ഭാര്യ തന്റെ തനുവുള്പ്പെടെ സര്‍വ്വസ്വവും സ്വഭര്‍ത്താവിന് സമര്‍പ്പിക്കുന്നതുപോലെയാണ്; ന്യായസ്ഥനായ ഒരുവന് തന്നെ ഏല്‍പ്പിച്ച ധനം നിക്ഷേപകന് മടക്കിക്കൊടുത്ത് അതിന്റെ ബാദ്ധ്യതയില്‍ നിന്നു മുക്തനാവുന്നത് പോലെയാണ്; രാജസേവകന് രാജാവിനു താംബൂലം നല്‍കിയിട്ട് മനസ്സമാധാനത്തോടെ വിശ്രമിക്കുന്നതുപോലെയാണ്.
നിസ്വാര്ത്ഥമനോഭാവത്തോടെ, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ഭൂമി, ദ്രവ്യം തുടങ്ങിയവയെല്ലാം ദാനം ചെയ്യേണ്ടത്. തന്നെയുമല്ല, നല്കുന്ന ദാനം മറ്റൊരു രൂപത്തിലും തിരിച്ചു നല്കാന് കഴിവില്ലാത്ത ഒരു ആളിനെയാണ് ആദാതാവായി തിരഞ്ഞെടുക്കേണ്ടത്.
മാത്രമല്ല, ദാതാവെന്നും ആദാതാവെന്നും ഉള്ള വ്യത്യസ്ത ഭാവമോ, താന്‍ ദാനം കൊടുത്തുവെന്ന അഭിമാനമോ ഒരു കാലത്തും ദാതാവിന്റെ മനസ്സില്‍ ഉണ്ടാവാന്‍ പാടില്ല താനും.
അല്ലയോ ധനുര്‍ദ്ധരാ, ഇപ്രകാരമുള്ള ദാനം സാത്ത്വികമാണ്. ഇതു ദാനങ്ങളില് വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുണ്യഭൂമി, യോഗ്യകാലം, യോഗ്യപാത്രം, പവിത്രവും നിര്‍മ്മലവുമായ ദ്രവ്യം, ദാതാവിന്റെ നിസ്സ്വാര്‍ത്ഥ മനോഭാവം തുടങ്ങി അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും തികഞ്ഞ പരിതസ്ഥിതിയില്‍ ചെയ്യുന്ന ദാനം ശാസ്ത്രപ്രകാരം കുറ്റമറ്റതും അന്യൂനവുമാണ്. അതാകുന്നു ശ്രേഷ്ഠ സാത്ത്വികദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: