ഇന്ത്യന്‍ വെല്‍സ്: നാട്ടുകാരനായ സ്റ്റാനിസ്ലാവ് വാവ്റിങ്കയെ തകര്‍ത്ത് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് ഇന്ത്യന്‍ വെല്‍സ് പുരുഷ സിംഗിള്‍സ് കിരീടം. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അഞ്ചാം സീഡ് വാവ്റിങ്കയെ ഒമ്പതാം സീഡായ ഫെഡറര്‍ തകര്‍ത്തത്.
ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-4, 7-5 എന്ന സ്കോറിന് ഫെഡറര്‍ എതിരാളിയെ മുട്ടുകുത്തിച്ചു. ഇവിടെ അഞ്ചാം തവണയാണ് ഫെഡറര്‍ കിരീടം നേടുന്നത്. 2012നുശേഷം ആദ്യത്തേത്. 2014, 15 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ചെങ്കിലും നൊവാക് ദ്യോക്കോവിച്ചിനോട് തോറ്റു. ദ്യോക്കോയും അഞ്ച് തവണ ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടിയിട്ടുണ്ട്.
2004, 2005, 2006, 2012 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ്—ഫെഡറര്‍ കിരീടം നേടിയിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും 35കാരനായ ഫെഡറര്‍ സ്വന്തമാക്കി. ജിമ്മി കോണേഴ്സിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്. 1984-ല്‍ കോണേഴ്സ് ഇവിടെ കിരീടം നേടുമ്പോള്‍ 31 വയസ്സായിരുന്നു പ്രായം.
കൂടാതെ മാസ്റ്റേഴ്സ് ടൈറ്റില്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ എടിപി താരം എന്ന റെക്കോര്‍ഡും ഫെഡറര്‍ നേടി. 2004ല്‍ സിന്‍സിനാറ്റി ഓപ്പണ്‍ നേടിയ അഗാസിയുടെ റെക്കോഡാണ് 35കാരനായ ഫെഡറര്‍ മറികടന്നത്.
വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം എലേന വെസ്നിന കിരീടം ചൂടി. നാട്ടുകാരിയും എട്ടാം സീഡുമായ സ്വറ്റ്ലാന കുസ്നെറ്റ്സോവയെ മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു വെസ്നിനയുടെ നേട്ടം. മൂന്നുമണിക്കൂറിലേറെ നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു 14-ാം സീഡ് വെസ്നിന വിജയം കണ്ടെത്തിയത്. സ്കോര്‍: 7-6 (8-6), 5-7, 4-6. ആദ്യ സെറ്റ് നേടിയശേഷമാണ് കുസ്നെറ്റ്സോവ വിജയം കൈവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: