പനാജി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ബംഗാള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗാള്‍ മേഘാലയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ ശിഖം റൊണാള്‍ഡും 86-ാം മിനിറ്റില്‍ മന്‍വീര്‍ സിങുമാണ് ബംഗാളിന്റെ ഗോളുകള്‍ നേടിയത്.
23ന് നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ബിയിലെ റണ്ണേഴസപ്പുകളാണ് ബംഗാളിന്റെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരെ പുറത്തേക്കയച്ച് ഗോവയും സെമിയിലെത്തി. ഇന്നലെ സര്‍വ്വീസസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോവ ബംഗാളിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അവസാന നാലില്‍ ഇടംപിടിച്ചത്.
ഗോവയ്ക്കുവേണ്ടി കജേറ്റന് ഫെര്‍ണാണ്ടസും അഖേരാജ് മാര്‍ട്ടിനെസും ലക്ഷ്യം കണ്ടു. അര്ജുന് ടുഡിവിന്റെ വകയാണ് സര്‍വ്വീസസിന്റെ ഏക ഗോള്‍. എസ്. രാജ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്തു പേരുമായാണ് സര്‍വ്വീസസ് കളിച്ചത്. സെമിയില്‍ ഗോവയുടെ എതിരാളികള്‍ കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: