നിയമവ്യവസ്ഥയേയും അന്വേഷണ സംവിധാനത്തേയും ഒരു പാര്‍ട്ടിയും പോലീസും ചേര്‍ന്ന് എത്ര നികൃഷ്ടമാംവിധം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഫസല്‍ കേസ്. കുറ്റക്കാരായ നേതാക്കളെ രക്ഷപ്പെടുത്താന്‍ ഏത് മാര്‍ഗ്ഗവും സിപിഎം സ്വീകരിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു. ഫസല്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതികളാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സിബിഐ കോടതിയുടെ പരിഗണനയിലാണ്. വിചാരണ കഴിയുമ്പോള്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ അഴിയെണ്ണുമെന്നുറപ്പാണ്. ആദ്യം കൊടിയേരി ബാലകൃഷ്ണന്റെ കേരള പോലീസും പിന്നീട് യുപിഎ സര്‍ക്കാറിന്റെ സിബിഐയും അന്വേഷിച്ചപ്പോള്‍ കിട്ടിയ തെളിവുകള്‍ അത്രയ്ക്ക് ശക്തമാണ്.
പ്രതികള്‍ക്ക് ജാമ്യം പെട്ടെന്ന് നല്കാന് കഴിയാത്തവിധം പ്രാഥമിക തെളിവുകളാണ് ഹൈക്കോടതിയും സുപ്രീംകോടതിയും കണ്ടെത്തിയത്.വളരെ കാലത്തിനുശേഷം ഉപാധികളോടെ ജാമ്യം നല്കിയപ്പോഴും മുഖ്യപ്രതികളെ ജില്ലയില്‍ കടക്കാന്‍ കോടതികള്‍ സമ്മതിച്ചിരുന്നില്ല.പ്രതികള്‍ക്കെതിരായി വ്യക്തമായ തെളിവുള്ള സാഹചര്യം അംഗീകരിച്ചുകൊണ്ടാണ് സിപിഎം ഈ കേസ്സിലുള്‍പ്പെട്ട അതിന്റെ തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും തലശ്ശേരി നഗരസഭാ അധ്യക്ഷനോടും സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎം നിയന്ത്രണത്തിലുള്ള അച്യുതന് സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.ഫസല്‍ കൊലചെയ്യപ്പെട്ടത് സിപിഎം തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരന് വധത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലും വ്യക്തമാക്കി.
തുടക്കത്തില്‍ ഫസലിനെ കൊന്നത് ആര്‍എസ്എസ് എന്ന് പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും കേസിനെയും തെളിവുകളേയും ദുര്‍ബലമാക്കാന്‍ സിപിഎം തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന ഇടതുഭരണം തുണച്ചെങ്കിലും ഒളിപ്പിക്കാനാകാത്ത തെളിവുകള്‍ ബാക്കി ഉണ്ടായതിനാല്‍ സിപിഎമ്മുകാര്‍ തന്നെ കുറ്റവാളികള്‍ എന്ന് കേരള പോലീസിന്് പറയേണ്ടിവന്നു. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയുടെ ആവശ്യപ്രകാരം ഹൈക്കോടതി ഉത്തരവനുസരിച്ച് സിബിഐ അന്വേഷിച്ചപ്പോഴും കണ്ടെത്തലുകള്‍ക്ക് മാറ്റമുണ്ടായില്ല.കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികളായ നേതാക്കള്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്ന അശോകന്റെ അടുത്ത ബന്ധുവിന്റെ വീടിനു സമീപം ഫസലിന്റെ രക്തംപുരണ്ട തൂവാലയിട്ടത് അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടിയായിരുന്നു. സിപിഎം നേതാക്കള്‍ കൊലപാതകികള്‍ക്ക് ഒളിസങ്കേതം ഒരുക്കുകയും മൈസൂരിലേക്ക് ഉല്ലാസയാത്ര നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. ഫസലിന്റെ കൊലപാതകത്തിനു ദൃക്സാക്ഷിയായ വീട്ടമ്മ സമീറയ്ക്ക് നേതാക്കള്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഷാജിയെ സിപിഎം നേതൃത്വം സമീപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകനായിരിക്കെയുള്ള പരിചയവും ബന്ധവും ദുരുപയോഗിച്ചാണ് ഷാജിയെ പാര്‍ട്ടി നേതാക്കള്‍ സമീപിച്ചത്. പാര്‍ട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
ശിക്ഷ കിട്ടുമെന്ന് ഉറപ്പെങ്കിലും വിചാരണ നീട്ടികൊണ്ടു പോകാനുമുള്ള നികൃഷ്ടമായ നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. അതിന് പോലീസ് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഏറെ ഭയാനകം. ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റേതെന്ന പേരില്‍ കുറ്റസമ്മത മൊഴിയും സംഭാഷണ ശബ്ദരേഖയും പടച്ചുണ്ടാക്കിയാണ് കോടതിയില്‍ സിപിഎം ഹാജരാക്കിയിരിക്കുന്നത്. കോടതി അതെടുത്ത് ചവറ്റുകുട്ടയില്‍ എറിയുമെന്നതില്‍ നിയമവിദഗ്ധര്‍ക്ക് സംശയമൊന്നുമില്ല. തന്നെ പൈശാചികമായി പീഡിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുത്തതെന്ന് സുബീഷ് വ്യക്തമാക്കി. രണ്ട് ഡിവൈഎസ്പിമാരാണ് സിപിഎമ്മിന്റെ ഉപകരണമായി കളിച്ചത്. കോടതിയിലും അക്കാര്യം സുബീഷ് പറഞ്ഞിട്ടുണ്ട്. അല്ലങ്കില്‍തന്നെ പോലീസ് കസ്റ്റഡിയില്‍ നടത്തുന്ന മൊഴിയുടെ കാസറ്റ് തെളിവായി കോടതി സ്വീകരിക്കുകയുമില്ല.
സുബീഷ് ആരോടോ സംസാരിച്ചു എന്നുപറയുന്ന ഫോണ്‍ സംഭാഷണമാണ് മറ്റൊരു മഹാകാര്യമായി അവതരിപ്പിക്കുന്നത്. ഒരാളുടെ ഫോണ്‍ അയാളറിയാതെ റിക്കോര്‍ഡ് ചെയ്യരുതെന്നാണ് നിയമം. മാത്രമല്ല, പറയുന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലന്ന് സുബീഷ് വ്യക്തമാക്കുകയും ചെയ്തു. കള്ളക്കേസുണ്ടാക്കുന്നതിലും കള്ളപ്രചാരണം നടത്തുന്നതിലും സിപിഎമ്മിനെ വെല്ലാനാരുമില്ലെങ്കിലും കൊലപാതകികളായ നേതാക്കളെ സംരക്ഷിക്കാന്‍ ഇത്രയും ബാലിശവാദവുമായി എത്തുന്നത് അപഹാസ്യമാണ്. ആര്‍എസ്എസുകാരനായ സുബീഷ് പറഞ്ഞ മൊഴി സത്യം. സിപിഎം നേതാവ് കൊടി സുനിയുടെ മൊഴി അസത്യം! എത്ര ഭീകരമാംവിധമാണ് ഭരണകക്ഷിയും പോലീസും പെരുമാറുന്നതെന്ന് ഫസല്‍ കേസില്‍ ബോദ്ധ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: