പുണ്യപുരാതനമായ തൃക്കാരിയൂര്‍ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് നാളെ രാത്രി 8-ന് സംഘകളി അരങ്ങേറും. തൃക്കാരിയൂരിന്റെ മണ്ണില്‍ പിറന്നുവീണതും അന്യം നില്ക്കാന് തയ്യാറെടുത്ത് നില്ക്കുന്നതുമായ, കേരളത്തിന്റെ ചരിത്ര സാമൂഹ്യഘടനകളെല്ലാം ഇഴചേര്‍ന്ന അനുഷ്ഠാന കലാരൂപമായ സംഘക്കളി ചാത്തിരാങ്കം, ശാസ്ത്രക്കളി, പാനേങ്കളി, ശാസ്ത്രാങ്കം, യാത്രകളി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഈ കലാരൂപത്തെക്കുറിച്ച് ഏറെ പഴക്കമുള്ള പറച്ചിലുകളിലൊന്ന് ഇതാണ്. കേരളം വാണിരുന്ന പള്ളിബാണപ്പെരുമാള്‍ ഹിന്ദു-ബുദ്ധമതങ്ങള്‍ക്കായി മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ അവസാനത്തേത് തൃക്കാരിയൂരിലായിരുന്നു. സ്വന്തം ഭാവിയില്‍ പരിഭ്രാന്തരായി നമ്പൂതിരിമാര്‍ തൃക്കാരിയൂരിപ്പന്റെ നടയില്‍ ശരണം പ്രാപിച്ച് പ്രാര്‍ത്ഥന തുടങ്ങി.
ഈ സന്ദര്‍ഭത്തില്‍ ജംഗമ മഹര്‍ഷി ഇവിടെ എത്തുകയും അദ്ദേഹത്തിന്റെ സഹായത്താല്‍ പരദേശബ്രാഹ്മണരെ വരുത്തി വേദ-മത-തത്ത്വ ചിന്തകളില്‍ തീവ്രപരിശീലനം നല്‍കുകയും ചെയ്തു. 41 ദിവസം ഭജനമിരുന്ന നമ്പൂതിരിമാര്‍ക്ക് മഹര്‍ഷി ഒരു മന്ത്രം ഉപദേശിച്ചു കൊടുത്തു. നാല് തിരിയിട്ട വിളക്കിന് ചുറ്റും നാല് നമ്പൂതിരിമാര്‍ പ്രദക്ഷിണം ചെയ്ത് മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും വാദപ്രതിവാദത്തില്‍ വിജയിക്കുകയും ചെയ്തു. ഇത് നാലുപാദം എന്നറിയപ്പെട്ടു. ക്രമേണ ഇത് അനുഷ്ഠാന കലയായി മാറുകയും വൈവിദ്ധ്യമാര്‍ന്ന മറ്റ് കലാരൂപങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സംഘക്കളിയായി രൂപാന്തരപ്പെടുകയും ചെയ്തു.
കളി നടക്കുന്നിടത്ത് തലേദിവസം തന്നെ വേഷഭൂഷാദികള്‍ അണിഞ്ഞെത്തുന്ന കളിക്കാരെ ചുമതലക്കാരന് വാദ്യഘോഷങ്ങളോടെ എതിരേല്‍ക്കുന്നതോടെ വൈവിദ്ധ്യമാര്‍ന്ന പല ഘട്ടങ്ങളായിട്ടാണ് സംഘക്കളി നടത്തുന്നത്.
കളിയുടെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന “കണമിരിക്കല്‍’ ഘട്ടം .
ഉച്ചഭക്ഷണത്തിന ശേഷം, കളി നടക്കുന്ന വിവരം എല്ലാവരേയും അറിയിക്കുന്ന വാദ്യഘോഷമാണ് ‘കാഴ്ചകൊട്ട്’ (കഥകളിക്ക് കേളികൊട്ടെന്ന പോലെ). കളി നടക്കുന്ന ദിവസം ഉച്ച സദ്യക്കുശേഷം അരി വെയ്ക്കുന്ന ചെമ്പ് പാത്രം കഴുകാതെ കമഴ്ത്തി വെച്ച് അതിനുമുകളില്‍ വാഴയില നിരത്തി കളിക്കാര്‍ ചുറ്റുമിരുന്ന് കൊട്ടിപ്പാടുന്നു. തുടര്‍ന്ന് ചിരട്ടക്കയില്‍ (തവി) ആയുധമാക്കിയ വെളിച്ചപ്പാടന്മാര് രംഗത്ത് വന്ന് നൃത്തം ചെയ്യുകയും അവസാനം കയില് ഒടിച്ച് തേങ്ങയുടച്ച് കൊട്ടയാര്‍ക്കല്‍ അവസാനിപ്പിക്കുന്നു.
സന്ധ്യാവന്ദനത്തിനുശേഷം നാലു വേദങ്ങളിലേയും സ്വരപ്രസ്താരം പ്രാര്‍ത്ഥനയായി ചൊല്ലുന്നു, ഇതാണ് നാലുപാദം. ഇത് ശ്രവിക്കുന്നത് നാലു വേദങ്ങളും അറിഞ്ഞതിന്റെ ഗുണം ചെയ്യും. തുടര്‍ന്ന് ചുമതലക്കാരന് ദക്ഷിണ വച്ച് നമസ്ക്കരിക്കുന്നു, ഇത് വെച്ചു നമസ്കാരം. വട്ടേല സദ്യ, വിളിച്ചു പറയല്‍, കറിശ്ലോകങ്ങള്‍- സംഘക്കളിയിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് വട്ടേല സദ്യ. സദ്യയുടെ ഇടയില്‍ ഓരോരോ വിഭവങ്ങള്‍ കൊണ്ടുവരാന്‍ വിളിച്ചു പറയുന്ന ചടങ്ങാണ് വിളിച്ചു പറയല്‍. കൂടാതെ കറികളുടെ മാഹാത്മ്യം വിളിച്ചോതുന്ന കറിശ്ലോകങ്ങളും ഉണ്ടാകും.
രാജാക്കന്മാര് തമ്മിലും നാടുവാഴികള്‍ തമ്മിലും കൈമാറിക്കൊണ്ടിരുന്ന വാറോലകള്‍ ഹാസ്യരൂപേണ വായിക്കുന്ന വിനോദമാണ് നീട്ടുവായന. ഇതില്‍ ചരിത്രകാരന്മാര് മുതല്‍ സമകാലീന കഥാപാത്രങ്ങള്‍ വരെ കടന്നു വരുന്നു.
വട്ടേലസദ്യക്കുശേഷം കാണികളെ രസിപ്പിക്കുന്ന വിവിധ വിഷയങ്ങള്‍ വഞ്ചിപ്പാട്ടുരൂപേണ അവതരിപ്പിക്കപ്പെടുന്നു.
പള്ളിബാണപ്പെരുമാളുടെ വലംകൈ ആയിരുന്ന നാടുവാഴിയും ബ്രാഹ്മണവിരോധിയും ആയിരുന്ന ഇട്ടിക്കണ്ടപ്പന് ആണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. ഭരണമറിയാത്ത ഭരണാധിപനും യുദ്ധമറിയാത്ത സേനാധിപനുമൊക്കായായ ഒരു വിഡ്ഢി വേഷമാണ് ഇത്. തര്‍ക്കങ്ങളും വാഗ്വാദങ്ങളുമായി അരങ്ങുതകര്‍ക്കുന്ന ഇയാള്‍ ഒടുവില്‍ പരാജയപ്പെടുന്നു. ഈ കഥാപാത്രം പണ്ട് തൃക്കാരിയൂരില്‍ നടന്ന സംവാദത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. രാമായണകഥ മുഖ്യവിഷയമാക്കിക്കൊണ്ടുള്ള ഇയാളുടെ നാടന്‍ ഗാനങ്ങളും നൃത്തരംഗങ്ങളും നല്ലൊരു ഹാസ്യവിനോദാദിയുമാണ്.
തൃക്കണാമതിലകത്തെ നാടുവാഴിയായരുന്ന മരത്തേങ്കോടന്‍ എല്ലാവരും കയ്യൊഴിഞ്ഞ ദരിദ്രനായി മാറുകയും ഒടുവില്‍ മത്സ്യ വില്പന നടത്തുന്ന കഥാപാത്രമായാണ് രംഗത്തു വരുന്നത്. കാണികളെ രസിപ്പിക്കുന്നതില്‍ അദ്വിതീയനായ ഈ ദു:ഖകഥാപാത്രം ദേശാധികാരികള്‍ പരസ്പരം പോരാടി നശിക്കുകയും അതിലൂടെ ഒരു ദേശവും ക്ഷേത്രവും (കൊടുങ്ങല്ലൂര്‍) നാശോന്മുഖമാവുകയും ചെയ്യുന്ന കഥപറയുന്ന ഒരു ചരിത്ര പുരുഷന് കൂടിയാണ്.
ദേശത്തെ ഭൂത പ്രേത പിശാചുക്കളേയും മറ്റു ക്ഷുദ്രശക്തികളേയും അകറ്റി നിര്‍ത്തി ദേശവാസികള്‍ക്ക് മംഗളം ഭവിക്കാനായി നടത്തുന്ന ചടങ്ങാണ് ബലിയുഴിച്ചില്‍.
സര്‍വ്വ ചരാചരങ്ങള്‍ക്കും മംഗളം നേര്‍ന്നുകൊണ്ട് ധനാശി ചൊല്ലിയാണ് സംഘക്കളി അവസാനിപ്പിക്കുന്നത്. കൂടാതെ പാന, കുറത്തിയാട്ടം, ആയുധമെടുപ്പ്, മുത്തശ്ശി, ഓതിക്കന്, പട്ടര്, വിഡ്ഢി, തുടങ്ങി നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ സംഘക്കളിയിലുണ്ട്. സമകാലീന സംഭവവിവകാസങ്ങള്‍ ഹാസ്യാനുകരണങ്ങളിലൂടെ ജനഹൃദയങ്ങളില്‍ അവതരിപ്പിച്ചുകൊണ്ട് ചിരിക്കാനും ചിന്തിക്കാനും വക നല്കുന്നു.
കൊടുങ്ങല്ലൂരിലെ താലപ്പൊലിക്ക് നാലുപാദവും ആയുധമെടുപ്പും പതിവുണ്ട്. തൃക്കാരിയൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നാലുപാദം നടത്തിവരുന്നുണ്ട്. ഈ കലാരൂപം അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നോ രണ്ടോ കുടുംബക്കാര് മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. തൃക്കാരിയൂരിന്റെ സ്വന്തം അനുഷ്ഠാന കലയെ ഒളി മങ്ങാതെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: