ആലുവ: ശാരീരിക വൈകല്യങ്ങളെല്ലാം ആ കുതിപ്പിന് രാധാകൃഷ്ണനു തടസമായില്ല. കൈയുടെ സ്വാധീനക്കുറവും പ്രായത്തിന്റെ വയ്യായ്കകളും മറന്ന് രാധാകൃഷ്ണന് പെരിയാറിനു കുറുകെ നീന്തി. ഇന്നലെ രാവിലെ ആലുവ അൈദ്വതാശ്രമം കടവില്‍ നിന്ന് ശിവരാത്രി മണപ്പുറം കടവിലേക്കാണ് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി ഇദ്ദേഹം നീന്തിക്കയറിയത്. ആലുവ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.എന്‍. രാധാകൃഷ്ണനാണ് ഇന്നലെ പെരിയാര്‍ കീഴടക്കിയത്.
ജന്മനാ പൂര്‍ണമായും സ്വാധീനമില്ല രാധാകൃഷ്ണന്റെ വലതു കൈക്ക്. എന്നാല്‍, പെരിയാര്‍ നീന്തിക്കയറണമെന്ന ആഗ്രഹത്തിന് അതൊരു തടസമായില്ല. എന്നാല്‍, ഈ ആവശ്യവുമായെത്തിയപ്പോള് ആദ്യം പരിശീലകന് സജി വളാശേരി ഒരു വട്ടം മടക്കി അയച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ സജിയും വഴങ്ങി.
ആദ്യം മടങ്ങിയപ്പോള്‍ നിരാശനായില്ല ഇദ്ദേഹം. മറ്റുള്ളവര്‍ പരിശീലിക്കുന്നത് കരയില്‍ നോക്കിയിരുന്നു. പിന്നീട് മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ പരിശീലനത്തില്‍ ചേര്‍ന്നു. 21 ദിവസം കൊണ്ട് നീന്തല്‍ പഠിച്ചു. കുട്ടികള്‍ പോലും പെരിയാര്‍ നീന്തിക്കയറുമ്പോള്‍ ഒരു കൈകൊണ്ട് തനിക്കും അതിനു സാധിക്കുമെന്ന വിശ്വാസമാണ് മുന്നോട്ടു നയിച്ചതെന്ന് രാധാകൃഷ്ണന് പറഞ്ഞു.
പരിശീലനത്തിനിടെ ഒരു കൈ കൊണ്ട് തുഴഞ്ഞ് നില്ക്കാന് കഴിയാതെ ദിവസങ്ങളോളം വെള്ളം കുടിച്ചു. പലവട്ടം മുങ്ങി, ഒടുവില്‍ ഒരു മണിക്കൂറിലധികം ഒരു കൈ ഉപയോഗിച്ച് തുഴഞ്ഞ് നില്ക്കാന് പ്രാപ്തി നേടിയ ശേഷമാണ് പുഴ കുറുകെ നീന്താന്‍ തീരുമാനിച്ചത്.
ആലുവ തഹസില്‍ദാര്‍ സന്ധ്യാദേവി ഫ്ളാഗ് ഓഫ് ചെയ്തു. അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ പങ്കെടുത്തു. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും താലൂക്ക് ഓഫീസിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാധാകൃഷ്ണന് അഭിനന്ദനങ്ങളുമായെത്തി. സന്ധ്യയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: ആതിര, അനന്തകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: