കോഴിക്കോട്: പ്രകൃതിസംരക്ഷണം വാക്കിലല്ല, പ്രവൃത്തിയിലാണ് വേണ്ടതെന്ന് മാതാ അമൃതാനന്ദമയി. ചര്‍ച്ചകളും സെമിനാറുകളും നടത്തിയത് കൊണ്ടുമാത്രം പ്രകൃതിസംരക്ഷണം സാദ്ധ്യമല്ല. മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും വേണം.
വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികമഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രകൃതിയിലെ ഓരോ വസ്തുവിലും ജീവനുണ്ടെന്ന ബോധമുണ്ടായാല്‍ അവയെ നശിപ്പിക്കാനുള്ള ശ്രമം കുറയും. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബേധവാന്മാരാക്കണം. നമ്മുടെ പൂര്‍വ്വികര്‍ക്ക് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയാമായിരുന്നു. പ്രകൃതിസംരക്ഷണം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആവശ്യമുള്ളത് മാത്രം എടുത്താണ് അവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം അങ്ങനെയല്ല. നമ്മള് തന്നെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമായി വായുവും വെള്ളവും മണ്ണുമെല്ലാം വിഷമയമായിരിക്കുന്നു. ഏതെല്ലാം വഴിയാണ് രോഗങ്ങള്‍ കടന്നു വരുന്നതെന്ന് അറിയാന്‍ സാധിക്കാതെയായി.
വിദ്യാഭ്യാസകാര്യത്തിലും സാംസ്കാരികരംഗത്തും കേരളമാണ് മുന്നിലെന്നാണ് പറയുന്നത്. ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം തന്നെയാണ് മുന്നില്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഒരു പരിധിവരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വിവേകശാലികളാണെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ പരസ്പരം കടിച്ചുകീറുകയാണ്. ഭീകരവാദവും പീഡനവും ഏറുന്നു.
മനസ് നിയന്ത്രണത്തിലായാല്‍ പ്രശ്നങ്ങളുണ്ടാകില്ല. പലതരത്തിലുള്ള ആവലാതികളുമായാണ് മനുഷ്യര്‍ ജീവിക്കുന്നത്. ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ചനടത്തുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യമനസ്സിലെ താപത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. വരാന്‍ പോകുന്ന നിമിഷത്തെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് എന്ന ചിന്തയാണ് വേണ്ടത്. വരാന്‍ പോകുന്നതിനെക്കുറിച്ചോ നഷ്ടപ്പെട്ടതിനെക്കുറിച്ചോ ചിന്തിച്ച് വിഷമിക്കേണ്ടതില്ല. പ്രതികാരവും മത്സരബുദ്ധിയും നമ്മുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കും. അതുകൊണ്ട് പകയും വിദ്വേഷവുമില്ലാതെയുള്ള സ്നേഹമായിരിക്കണം യഥാര്‍ഥ പ്രാര്‍ഥനയെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: