പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട മണ്ണെണ്ണവിഹിതം നഷ്ടമായെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് മറിച്ചു വിറ്റതു കൊണ്ടാണ് വിഹിതം വെട്ടിക്കുറച്ചത്. മണ്ണെണ്ണ വക മാറ്റി വിറ്റതിനെതിരേ കംപ്ട്രോളര്‍ ആന്ഡ്് ഓഡിറ്റര്് ജനറലിന്റെ എതിര്‍പ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഹിതം കുറഞ്ഞത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിതരണത്തിനായി 16908 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍, മെയ്, ജൂണ്‍ വിഹിതമായി ലഭിച്ചത് 15456 കിലോലിറ്റര്‍ മാത്രം. ഒരു മാസത്തേക്ക് ലഭിക്കുന്ന 5152 കിലോലിറ്റര്‍ മണ്ണെണ്ണയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും മറ്റും നല്കിക്കഴിഞ്ഞാല് 3000 കിലോലിറ്റര്‍ മാത്രമാണുള്ളത്.
ഇതില്‍ വൈദ്യുതീകരിക്കാതെ 277210 വീടുകള്‍ക്ക് 1108 കിലോലിറ്റര്‍ മണ്ണെണ്ണ നല്‍കണം. വൈദ്യുതീകരിച്ച 7740813 വീടുകള്‍ക്ക് നല്കാന് 1892 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണുള്ളത്. ഇതോടെ വൈദ്യുതീകരിച്ച വീടുകള്‍ക്ക് ഇനി മുതല്‍ കാല് ലിറ്റര്‍ (250 മി.ലി)മണ്ണെണ്ണ മാത്രമായിരിക്കും ലഭിക്കുക.
2012-13 വര്‍ഷത്തില്‍ 30300 കിലോലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മറിച്ചു വിറ്റതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം കണ്ടെത്തിയിരുന്നു. മറിച്ചുവിറ്റ വിഹിതം തിരിച്ചുപിടിക്കാന്‍ 2014 ഡിസംബര്‍31ന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു.
മത്സ്യബന്ധന ബോട്ടുകള്‍ക്ക് മണ്ണെണ്ണ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാനം പ്രത്യേക അപേക്ഷ നല്കിയാല് മണ്ണെണ്ണ നല്കാന് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. റേഷന്‍ കടകളിലൂടെ മാത്രം വിതരണം ചെയ്യാന്‍ കേന്ദ്രം നല്കുന്ന മണ്ണെണ്ണ ഇപ്പോഴും തിരിമറി നടത്തുകയാണ്. കേന്ദ്രം നല്കുന്ന മണ്ണെണ്ണയില്‍ 2000 കിലോലിറ്റര്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും, 200 കിലോലിറ്റര്‍ കാര്‍ഷിക ആവശ്യത്തിനും നല്‍കുന്നതാണ് വിഹിതം വെട്ടിക്കുറയ്ക്കാന്‍ കാരണം.
ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കാണു പഞ്ചസാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പഞ്ചസാര സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും, റേഷന്‍ പഞ്ചസാര വിതരണം നിര്‍ത്തലാക്കിയതും, പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 27 ന് പ്രധാനമന്ത്രിക്കും, കേന്ദ്ര പെട്രോളിയം മന്ത്രിക്കും നിവേദനം നല്‍കുമെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: