പീരുമേട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു. ഇന്നലത്തെ കണക്ക് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 111.3 അടിയായി ഉയര്‍ന്നു. ജലനിരപ്പ് താഴ്ന്നത് തമിഴ്നാട്ടിലെ അഞ്ച് ജിലകളിലേയ്ക്കുള്ള കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. 108 അടിവരെ എത്തിയ ജലനിരപ്പ് ആണ് ഇപ്പോള്‍ ഉയര്‍ന്നത്. ഇത് തേക്കടിയിലെ ബോട്ടിങ്ങിനും മേഖലയിലെ കുടിവെള്ള വിതരണത്തിനും സഹായമായിട്ടുണ്ട്.
കടുത്ത വരള്‍ച്ച നേരിടുന്ന തേനി, മധുര, ശിവഗംഗ, ഡിണ്ഡിഗല്, രാമനാഥപുരം എന്നീ ജില്ലകളിലെ ജനങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഒരാഴ്ചക്കിടെ 15 സെന്റീമീറ്റര്‍ മഴ പെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ സെക്കന്റില്‍ 100 ഘന അടി വീതം കൊണ്ടുപോയ്ക്കൊണ്ടിരുന്ന വെള്ളത്തിന്റെ അളവ് 225 ഘന അടിയായി തമിഴ്നാട് ഉയര്‍ത്തിയിരിക്കുകയാണ്.
അതേ സമയം ഇന്നലെ സെക്കന്റില്‍ 38 ഘനഅടി വെള്ളം ആണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇത്തരത്തില്‍ കൊണ്ട് പോകുന്ന വെള്ളം ഇറച്ചിപ്പാലം വഴി വൈഗ ഡാമിലെത്തിച്ചാണ് 200 കിലോ അകലെ വരെയുള്ള തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നത്. കമ്പം, തേനി ജില്ലകളിലെ കൃഷികള്‍ ഇവിടുത്തെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഡാമിലേയ്ക്കുള്ള നീരൊഴുക്കിന്റെ അളവ് കൂടുന്ന മുറയ്ക്ക് കൂടുതല്‍ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയാലാണ് കര്‍ഷകരും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: