തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്കാന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ടു ഗഡു വിതരണം ചെയ്തു.
ബാക്കി തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്. പൂര്‍ണ്ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപ. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപ. ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപ. കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപ.മരിച്ചവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപ.
പത്താം ശമ്പള പരിഷ്കരണ കമ്മീഷന് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പളവും മറ്റും ലൈബ്രറി കൗണ്‍സില്‍ ജീവനക്കാര്‍ക്കും അനുവദിക്കും. ചുമട്ടു തൊഴിലാളി ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്ക്കരിക്കാന്‍ അനുവാദം നല്കി.
ഇന്ത്യയുടെ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്കിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് പഠിച്ച പാലക്കാട് ചാത്തന്നൂര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ പുതിയതായി ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിന് ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ഈ പ്രവൃത്തിക്ക് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: