കുട്ടനാട്: വിതയ്ക്കേണ്ട ദിവസം പിന്നിട്ടിട്ടും വിത്തു കിട്ടാത്തതിനാല്‍ രണ്ടാം കൃഷി അനിശ്ചിതത്വത്തില്‍.
ചമ്പക്കുളം കൃഷി ഭവന് പരിധിയിലെ ചിറയ്ക്കുപുറം പാടശേഖരത്തിലെ രണ്ടാംകൃഷിയാണ് പ്രതിസന്ധിയിലായത്. നിലമൊരുക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ട് നാലഞ്ചു ദിവസമായി.
കഴിഞ്ഞ 31ന് വിത്തു ലഭിക്കണമെന്നാണ് പണമടയ്ക്കുമ്പോള്‍ പാടശേഖരസമിതി ആവശ്യപ്പെട്ടിരുന്നത്. രണ്ടു മാസം മുന്‍പാണ് ചമ്പക്കുളം കൃഷിഭവനില്‍ കര്‍ഷകര്‍ പണമടച്ചത്.
സൗജന്യമായി കിട്ടുന്ന നാല്പതു കിലോഗ്രാം വിത്തിനു പുറമെ ഏക്കറൊന്നിന് പത്തു കിലോഗ്രാം വീതം വിത്തിന്റെ പണം അടച്ചിരുന്നതാണ്. വിത്തു ലഭിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത അമര്‍ഷത്തിലാണ്.
തങ്ങള്‍ക്കു നല്‍കേണ്ട വിത്ത് മറ്റേതോ പ്രദേശത്തെ കരകൃഷിക്കായി നല്‍കിയെന്നാണ് ഏജന്റുമാരില്‍ നിന്നും മറുപടി ലഭിക്കുന്നതെന്ന് പാടശേഖരസമിതി പറയുന്നു. യഥാസമയം വിത നടന്നു കൃഷി ആരംഭിക്കാനായില്ലെങ്കില്‍ പാടത്ത് കള കിളിര്‍ക്കുമെന്ന് കര്‍ഷകര്‍ പറയുന്നത്.
വൈകി കൃഷിയിറക്കിയാല്‍ പിന്നീട് കള നശിപ്പിക്കാന്‍ ഏറെ കീടനാശിനി പ്രയോഗങ്ങള്‍ നടത്തേണ്ടതായി വരും. വിത്തു കിട്ടാന്‍ വൈകിയാല്‍ കൃഷി ഉപേക്ഷിച്ച പാടത്തു വീണ്ടും വെള്ളം കയറ്റാനാണ് തങ്ങളുടെ തീരുമാനമെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ പാടശേഖരത്തില്‍ വെള്ളം കയറ്റിയാല്‍ അതോടെ പാടശേഖരത്തിനു സമീപത്തു കൂടി കടന്നു പോകുന്ന എസി റോഡ് വെള്ളത്തിനടിയിലാകും. രണ്ടു മൂന്നു ദിവസത്തിനകം തന്നെ കര്‍ഷകര്‍ക്ക് വിത്തെത്തിക്കാനാകുമെന്ന് ചമ്പക്കുളം കൃഷി ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: