ദോഹ: ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ ആശങ്കകള്‍ക്കു വകയില്ലെന്നും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കേരളം സര്‍ക്കാരിന്റെ പ്രവാസിമന്ത്രാലയത്തിനു കീഴിലുള്ള നോര്‍ക്ക റൂട്സിന്റെ ഉന്നത പ്രതിനിധികള്‍ ദോഹയില്‍ ആവശ്യപ്പെട്ടു.
നിരുത്തരവാദപരമായി പെരുമാറി ജനങ്ങളില്‍ ഭയാശങ്കകള്‍ക്ക് ഇടകൊടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംയമനവും ജാഗ്രതയും ആണ് മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രത്യേകിച്ച് പ്രവാസികളും കാണിക്കേണ്ടതെന്ന് നോര്‍ക്ക പ്രതിനിധികള്‍ പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പെരിയസ്വാമി കുമാരനുമായി സംസാരിച്ചശേഷം നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് സി.കെ. മേനോന്, ഡയറക്ടര്‍ സി.വി. റപ്പായി, നോര്‍ക്ക റൂട്സ് ബോര്‍ഡംഗം കെ.കെ. ശങ്കരന് എന്നിവരാണ് ഖത്തറിലെ മലയാളം മാധ്യമങ്ങളോട് ഈ ആവശ്യം ഉന്നയിച്ചത്.
ഇല്ലാത്ത സംഭവങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാനാണ് പല പ്രവാസികളും നാട്ടിലുള്ള ചില സംഘടനാ നേതാക്കളും ശ്രമിക്കുന്നത്. ഖത്തര്‍ കറന്‍സിയെ സംബന്ധിച്ച് തീര്‍ത്തും തെറ്റായ വാര്‍ത്തകള്‍ പലരും റിസര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്നുണ്ട്. യാതൊരു നിയന്ത്രണങ്ങളും ഖത്തര്‍ കറന്‍സിക്ക് ഇന്ത്യയില്‍ ഇല്ല. റിസര്‍വ് ബാങ്ക് യാതൊരു നിര്‍ദ്ദേശങ്ങളും ഒരു ബാങ്കിനും നല്‍കിയിട്ടില്ലെന്നും ഇന്ത്യന്‍ അംബാസഡര്‍ തങ്ങളോട് പറഞ്ഞെന്നും നോര്‍ക്ക പ്രതിനിധികള്‍ പറഞ്ഞു.
ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നീണ്ടുപോയാല്‍ ജൂണ്‍ പതിനഞ്ചിന് ശേഷം നാട്ടില്‍ പോകാന്‍ ദുബായ്, അബുദാബി, ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് വേണ്ട സഹായം നല്കാന് ഇന്ത്യയിലെ വിമാനക്കമ്പനികളോടും ഖത്തര്‍ എയര്‍വേസിനോടും നിര്‍ദ്ദേശിക്കാന്‍ അംബാസഡറോട് ആവശ്യപ്പെട്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: