ആളുകള്‍ മറന്നുകഴിഞ്ഞാല്‍ സ്വയം ഓര്മിപ്പിക്കണം എന്നു കരുതിയാവണം ചുമ്മാ ഒരു വിവാദത്തിലൂടെ സിപിഎം നേതാവ് പ്രകാശ് കാരാട്ട് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സേനാമേധാവി ബിപിന്‍ റാവത്ത് പരാജയപ്പെട്ടുവെന്നു പറഞ്ഞാണ് കാരാട്ട് ആളാകാന്‍ ശ്രമിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ആശയങ്ങളാണ് റാവത്തില്‍ പ്രകടമാകുന്നതെന്നാണ് കാരാട്ട് കുറിപ്പില്‍ പറയുന്നത്.കശ്മീര്‍ ജനത അവരുടെ രാഷ്ട്രീയ സമരമാണ് മുന്നോട്ടുവെക്കുന്നതെന്നും അവരെ അടിച്ചമര്‍ത്താനാണ് സൈന്യത്തെ ഉപയോഗിക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ കാരാട്ട് വിലപിക്കുന്നു.പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് സേനാമേധാവിക്കെതിരെയുള്ള കാരാട്ടിന്റെ രൂക്ഷ വിമര്‍ശനം.
സൈന്യത്തിനെതിരെ കല്ലെറിയുന്നതും കശ്മീര്‍ ജനതയുടെ രാഷ്ട്രീയ സമരം എന്നാവും കാരാട്ടിന്റെ ധാരണ.എന്തായാലും സിപിഎമ്മിന്റെ ആശയമാവില്ല കരസേനാ മേധാവിയില്‍ പ്രകടമാവുന്നത്.അല്ലെങ്കിലും കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ ശബ്ദത്തിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്.കഴിഞ്ഞിടെ കോടിയേരി സൈന്യത്തെ വിമര്‍ശിച്ചതും ഇത്തരം ഭാഷയിലായിരുന്നു.ആരെ പ്രീതിപ്പെടുത്താനാണ് ഈ നേതാക്കള്‍ ഇങ്ങനെ കൊട്ടിഘോഷിക്കുന്നത്.കത്തിക്കുകുത്തിയാല് കുത്തുന്നവനല്ല കത്തിയാണു പ്രശ്നമെന്നു പറയുന്ന പാര്‍ട്ടിയാണ്.അതിനവര്‍ കത്തിക്കെതിരായി പ്രത്യയശാസ്ത്രം തന്നെ ചമയ്ക്കുകയും ചെയ്യും.
കേരളത്തിലെ ഇടതുസര്‍ക്കാര്‍ ജനവിരുദ്ധമാകുന്നുവെന്നും സിപിഎമ്മിനെക്കൊണ്ടു ജനം പൊറുതി മുട്ടിയെന്നും ബംഗാളില്‍ സിപിഎം വേരറ്റുവെന്നും അറിഞ്ഞുകൊണ്ടുതന്നെ അതിനൊന്നും ചെവികൊടുക്കാതെ ചുമ്മാ താനിവിടെ ഉണ്ടെന്നുനാലാളറിയാന് സൈന്യത്തെ തന്നെ വിമര്‍ശിച്ചുകളയാം എന്നുള്ള കാരാട്ടിന്റെ കുബുദ്ധിയോര്ത്ത് ലജ്ജിക്കണം. പ്രകാശ് കാരാട്ടിന്റെ വര്‍ഷങ്ങളാണ് ഇന്ത്യയില്‍ സിപിഎമ്മിന്റെ അവസാനവെളിച്ചംപോലും ഇല്ലാതാക്കി ഇരുള്ച്ചയിലാക്കിയത്.കേരളത്തില്‍ സിപിഎമ്മിന്റെ വിഭാഗീയതയ്ക്കു ആക്കം കൂട്ടിയതിന്റെ ആശാന് കാരാട്ടായിരുന്നു.പിണറായിയുടെ ഓഡര്ലിയായി പ്രവര്‍ത്തിച്ച് വി.എസ്.അച്യുതാനന്ദനെ പരമാവധി പ്രകോപിപ്പിക്കുകയായിരുന്നു കക്ഷിയുടെ പണി.പിബിഎന്നും സിസിഎന്നുമൊക്കെയുള്ളത് നേതാക്കളുടെ വിനോദ പരിപാടികളാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ദല്‍ഹിയിലെ സുഖശീതളിമയില്‍ സെലിബ്രേറ്റിയായി കഴിയുന്ന പ്രകാശ് കാരാട്ട് സൈന്യത്തെ വിമര്‍ശിക്കുന്നതിനു പകരം ശരശയ്യയിലേക്കുപോകുന്ന സ്വന്തം പാര്‍ട്ടിയുടെ രോഗം വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.അല്ലെങ്കില്‍ ചെങ്കൊടി അവശേഷിക്കുന്നത് റെയില്‍വേ സ്റ്റേഷനിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: