മലപ്പുറം: ജില്ലക്ക് ഏറെ പ്രതീക്ഷ നല്കി ആരംഭിച്ച കെഎസ്ആര്‍ടിസി ടെര്‍മിനില്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. 2016 ജനുവരി രണ്ടിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരുവര്‍ഷം കൊണ്ട് പണി പൂര്ത്തിയാക്കുമെന്നായിരുന്ന വാഗ്ദ്ധാനം. എന്നാല്‍ മന്ത്രിസഭ മാറിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മലപ്പുറത്തിന്റെ സ്വപ്നം പൂവണിയുന്നില്ല.
2.15 ഏക്കര്‍ സ്ഥലത്ത് 7.9 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബസ് ടെര്‍മിനലില്‍ ഒരേ സമയം 50 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാം, 100 കട മുറികള്‍ ഇവയായിരുന്നു പദ്ധതികള്‍. നിര്‍മാണം തുടങ്ങി ആറുമാസത്തിനകം ഷോപ്പിംഗ് കോംപ്ലക്സിലെ മുറികള്‍ ലേലം ചെയ്യുകയും, ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുമായിരുന്നു തീരുമാനം. പക്ഷേ ഈ തീരുമാനം നടപ്പായില്ല. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എല്ലാ മാസവും എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തന തുടക്കം മുതല്‍ വന്‍ പാളിച്ചയാണുണ്ടായത്. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിനു മണ്ണെടുക്കുന്നത് നീണ്ടുപോയത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
2008ലാണ് മലപ്പുറം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ഇതേ സമയം പ്രഖ്യാപിച്ച തിരുവനന്തപ്പുരം, കോഴിക്കോട്, അങ്കമാലി ജില്ലകളിലെ ടെര്‍മിനലുകള്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. മലപ്പുറം ടെര്‍മിനല്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് പലതവണ പ്ലാനിലും എസ്റ്റിമേറ്റിലുമെല്ലാം മാറ്റം വരുത്തി.
നിലവില്‍ ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത മലപ്പുറം സ്റ്റാന്‍ഡിന്റെ അവസ്ഥ ദയനീയമാണ്. കംഫര്‍ട്ട് സ്റ്റേഷന് പോലുമില്ലാത്തത് ദീര്‍ഘദൂര യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ മറ്റ് ഡിപ്പോകളായ പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ തിരൂരിലേക്ക് മലപ്പുറത്ത് നിന്ന് രാത്രി ഒന്‍പതിന് ശേഷം ബസ് സര്‍വീസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: