നിലമ്പൂര്‍: ജില്ലയിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍. ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലുമുള്ള കുട്ടികള്‍ക്ക് അവരുടെ കോളനികളില്‍ തന്നെ വിദ്യാഭ്യാസമൊരുക്കുന്നതിനാണ് 17 വര്‍ഷം മുമ്പാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ ഒരു അദ്ധ്യാപകന് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത് 5,000 രൂപയായിരുന്നു. ഈ വര്‍ഷം മുതലാണ് 10,000 രൂപയാക്കി ഉയര്‍ത്തിയത്.
17 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന 250ഓളം അദ്ധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ.അബ്ദുറബ്ബും നിലവിലെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ഇവരുടെ ജോലി സുരക്ഷയുമായി ബന്ധപ്പെട്ട് വ്യക്തമായ നടപടി സ്വീകരിക്കുമെന്ന് ബദല്‍ സ്കൂള്‍ അദ്ധ്യാപകരുടെ സംഘടനക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടി മാത്രം ഉണ്ടായില്ല. സര്‍ക്കാര്‍ എല്‍പി സ്കൂളുകളോ എയ്ഡഡ് സ്കൂളുകളോ രണ്ടര കിലോമീറ്ററിനുള്ളില്‍ ഉണ്ടെങ്കില്‍ ആ കോളനിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബദല്‍ സ്കൂള്‍ അടച്ചുപൂട്ടുമെന്നാണ് പുതിയ തീരുമാനം. എന്നാല്‍ സ്കൂളില്‍ നിന്നും കിലോ മീറ്ററുകള്‍ ദൂരെയുള്ള കോളനികളിലെത്തി ബദല്‍ സ്കൂള്‍ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതും ബദല്‍ സ്കൂള്‍ അദ്ധ്യാപകരെയും ഹെല്‍പ്പര്‍മാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ചില സ്കൂളിലെ പ്രധാനാദ്ധ്യാപകര്‍ ബദല്‍ സ്കൂളില്‍ നിന്നും കുട്ടികളുടെ ടിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ബദല്‍ സ്കൂള്‍ അദ്ധ്യാപകരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരമായി നിയമിക്കാന്‍ നടപടിയെടുക്കാതെ കുട്ടികളെ ചാക്കിട്ടുപിടിക്കാന്‍ ഒത്താശ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങാനാണ് ബദല്‍ സ്കൂള്‍ അദ്ധ്യാപകരുടെ സംഘടനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: