പൂക്കോട്ടുംപാടം: വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുടങ്ങിയ പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ പൂജകള്‍ പുന:രാരംഭിച്ചു. വിഗ്രഹങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട പരിശോധനകളും തെളിവെടുപ്പുകളും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് തന്നെ ശുദ്ധിക്രിയകള്‍ ആരംഭിച്ചു. മൂത്തേടത്ത്മന ഗോവിന്ദന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി വി.എം.ശിവപ്രസാദ് എന്നിവരുടെ കാര്‍മ്മിത്വത്തില്‍ ശ്രീകോവിലും ക്ഷേത്രവും ശുദ്ധി വരുത്തി.
പൊട്ടിയ വിഗ്രഹങ്ങള്‍ താല്കാലികമായി ചെമ്പുകമ്പികൊണ്ട് കെട്ടി വെച്ചിരിക്കുകയാണ്. മൂന്ന് കഷ്ണങ്ങളായാണ് ശിവലിംഗം മുറിഞ്ഞിരുന്നത്. വിഷ്ണുവിഗ്രഹവും താല്കാലികമായി സ്ഥാപിച്ചു. ശനിയാഴ്ച വൈകിട്ട് മുതല്‍ തന്നെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇന്നലെ സാധാരണപോലെ ചടങ്ങുകളും പൂജകളും വഴിപാടുകളും നടത്തി. ഭാഗവത സപ്താഹയജ്ഞം സമാപനമായതിനാല് നിരവധി ഭക്തജനങ്ങളാണ് എത്തിയിരുന്നത്. ഇനി താന്ത്രിക നിര്‍ദ്ദേശപ്രകാരം സ്വര്‍ണ്ണപ്രശനം നടത്തി പരിഹാരക്രിയകള്‍ നടത്തേണ്ടതുണ്ട്. ഇതിനിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: