തിരൂരങ്ങാടി: നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. 25 ഓളം ആളുകള്‍ ഇതിനോടകം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ േതടിയിട്ടുണ്ട്.
കക്കാട് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. കക്കാട് കന്നുകാലികളെ ഇറക്കുന്നതിനായുള്ള സ്ഥലത്ത് ചാണകവും മൂത്രവും വൈക്കോലുമെല്ലാം ചീഞ്ഞളിഞ്ഞ് കൊതുകു വളര്‍ത്തുകേന്ദ്രമായി മാറിയതായി പരാതി ഉയര്‍ന്നിട്ട് മാസങ്ങളായി. എന്നാല്‍ ഇതിനെതിരെ അധികൃതര്‍ ഒരു പരിഹാരനടപടിയും കൈക്കൊണ്ടിട്ടില്ല. ഇതാണ് പ്രധാനമായും ഡെങ്കി പടരുന്നതിനിടയാക്കിയിരിക്കുന്നതെന്ന പരാതി നാട്ടുകാരില്നിന്നുയര്ന്നിട്ടുണ്ട്.
കുടുംബാംഗങ്ങളില്‍ മുഴുവനായും പനി ബാധിച്ചവര്വരെ കക്കാട് പ്രദേശത്തുണ്ട്. ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ചെമ്മാട്ടങ്ങാടിയിലെ മാലിന്യത്തിന്റെ ഫലമായി എലിപ്പനി പടരുകയും മരണംവരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കൊതുകുവ്യാപനം തടയുന്നതിനായി മാലിന്യം നീക്കാന്‍ മുനിസിപ്പാലിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
മഴപെയ്താല്‍ മാലിന്യം റോഡിലൂടെ പരന്നൊഴുകുന്ന സ്ഥിതിയാണ് ചെമ്മാട്ടങ്ങാടിയിലുള്ളത്. ഓടകളില്‍നിന്നും ഒഴുകുന്ന മലിനജലം നിലവില്‍ കോഴിക്കോട് റോഡില്‍ പരന്നൊഴുകുന്നുണ്ട്.
കാല്‍നടയാത്രക്കാര്‍ക്കടക്കം ഇത് രോഗഭീഷണിയുയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: