തിരൂര്‍: സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നു.
ആഴക്കടലില്‍ പോയാലും നിത്യചിലവിന് പോലുമുള്ള മീന്‍ ലഭിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിലായ മത്സ്യത്തൊളിലാളികള്‍ കുടുബത്തിലുള്ള സ്ത്രീകളുടെ സ്വര്‍ണ്ണാഭരണം പണയം വെച്ചാണ് കുട്ടികള്‍ക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വാങ്ങുന്നത്.
കൂട്ടായി മുതല്‍ ചാലിയം വരെയുള്ള ജില്ലയിലെ തീരദേശത്ത് ഏതാനും മാസങ്ങളായി മത്സ്യം കുറവാണ്.
വല്ലപ്പോഴും മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്കും നല്ല നിലയില്‍ മത്സ്യം ലഭിക്കുന്നത്. ഇതുകൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് അദ്ധ്യായന വര്‍ഷം തുടങ്ങുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും കുട്ടികളുടെ പഠന കാര്യമായതിനാല്‍ ഉള്ളത് പണയം വെച്ചും വിറ്റും കാര്യങ്ങള്‍ നടത്തുകയാണ് പലരും.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് അറിയാത്തതിനാല്‍ അതിന്റെ ഗുണഫലവും ഇവര്‍ക്ക് കാര്യമായി ലഭിക്കുന്നില്ല.
മഴക്കാലമാകുന്നതോടെ കടലിളകി ചാകര ലഭിക്കുന്നതോടെ പ്രയാസങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ മത്സ്യത്തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: