തിരൂരങ്ങാടി: ഇനിയും കൈമോശം വന്നിട്ടില്ലാത്ത പഴമയുടെയും പാരമ്പര്യത്തിന്റെയും കൊട്ടിപ്പാട്ടുകളും കുതിര കല്ല്യാണങ്ങള്‍ക്കും ഇന്നോടെ പരിസമാപ്തി.
മൂന്നിയൂര്‍ ദേശത്തിന്റെ തന്നെ മഹോത്സവമാണ് ഇന്നത്തെ പകല്‍ കളിയാട്ടവും കോഴിക്കളിയാട്ടവും. വിവിധ ദേശങ്ങളില്‍ നിന്നും കെട്ടി ഒരുങ്ങിയെത്തുന്ന പൊയ്ക്കുതിര സംഘങ്ങളെയും ഭക്തജനങ്ങളെയും സ്വീകരിക്കാന്‍ മൂന്നിയൂര്‍ ദേശമൊരുങ്ങി. ക്ഷേത്രഭരണ സമിതിയും തിരൂരങ്ങാടി പോലീസും വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
15ന് ആയിരുന്നു കാപ്പൊലി. 12-ാം നാളിലെ വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ പകല്‍ കളിയാട്ടവും കോഴിക്കളിയാട്ടവും. രാവിലെ ഏഴുമണിക്ക് തന്നെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ മൂലയിലെ കോഴിക്കല്ലില്‍ ഭക്തര്‍ നേര്‍ച്ചയായി കൊണ്ടുവരുന്ന കോഴികളെ വെട്ടി രക്തം സമര്‍പ്പിക്കുകയാണ് പതിവ്.
ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കോഴിവെട്ടിനായി എത്തുന്നത്. പ്രധാന വഴിപാടായ ഇത് പാങ്ങാട് പണിക്കരുടെ കോഴിവെട്ടോടെയാണ് ആരംഭിക്കുക. അമ്മാഞ്ചേരി അമ്മയുടെ പന്തീരായിരം ഭൂതഗണങ്ങള്‍ക്കുള്ള സമര്‍പ്പണമാണ് കോഴിവെട്ട്. ഉച്ചയോടെ ഊരുചുറ്റാനിറങ്ങിയ പൊയ്ക്കുതിര സംഘങ്ങള്‍ ഓരോന്നായി ക്ഷേത്രത്തിലേക്കെത്തും. സാംബവ മൂപ്പന്റെ പൊയ്കുതിരയാണ് ആദ്യം ദേവിയെ വലംവെയ്ക്കുക.
തുടര്‍ന്ന് കുതിര പ്ലാക്കലില്‍ കാവുടയനായര്‍ മുറത്തിലിരുന്ന് കാണിക്ക സ്വീകരിച്ച് പൊയ്കുതിര സംഘങ്ങളെ അനുഗ്രഹിക്കും. മുളയും തുണിയും കുരുത്തോലയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പൊയ്കുതിരകളെ കുതിര പ്ലാക്കലില്‍ വെച്ച് തകര്‍ക്കുന്നതാണ് അടുത്ത ചടങ്ങ്. ഇതോടെ ഈ വര്‍ഷത്തെ കളിയാട്ടത്തിന് സമാപനമാകും.
ഇനിയൊരു കളിയാട്ടത്തിനായി അടുത്ത ഇടവപ്പാതി വരെ കാത്തിരിക്കാനായി കളിയാട്ട ചന്തകളില്‍ നിന്നും വിത്തും നാടന്‍ തൈ ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങിയാണ് ഭക്തര്‍ മടങ്ങുക. ഓരോ കളിയാട്ടവും നാടിനും നല്‍കുന്നത് പച്ചപ്പിന്റെ കാര്‍ഷിക സംസ്കാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: