മലപ്പുറം: വീണ്ടും ആത്മാനുഭൂതിയുടെ ദിനരാത്രങ്ങള്‍ സമ്മാനിച്ചുകൊണ്ട് റംസാന് വന്നെത്തുകായണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെ നാളുകളെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ആത്മാവിന്റെ ആനന്ദഭൂമികയായ വ്രതമെത്തുന്നതോടെ റംസാന് ആത്മീയ വസന്തമായി മാറും.
ഇസ്ലാം മതവിശ്വാസികളുടെ ഭവനങ്ങളും ആരാധാനാലയങ്ങളും പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പ്രാര്‍ത്ഥനയില്‍ മുഴുകി തെറ്റുകളില്‍ നിന്ന് പിന്മാറി റംസാന് മാസത്തെ ധന്യമാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഓരോരുത്തരും.
വേനലിന്റെ കാഠിന്യം ആദ്യത്തെ പത്ത് നോമ്പ് അപഹരിക്കുമെങ്കിലും അവസാനമാകുമ്പോഴേക്കും കാലവര്‍ഷം എത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം. ഇനിയുള്ള ഒരുമാസം ഏവരുടെയും ചിന്തകളില്‍ പോലും വ്രതവും ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും മാത്രമായിരിക്കും.
ജില്ലയിലെ ഭൂരിഭാഗം ആരാധാനലയങ്ങളും മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. റംസാന് മാസം എത്തുന്നതിന് മുമ്പുള്ള ഈ ഒരുക്കം തലമുറകളായി പകര്‍ന്ന് കിട്ടിയതാണ്. പുതുതലമുറയും അതിലൊരു മുടക്ക് വരുത്തുന്നില്ല. പള്ളി മോടിപിടിപ്പിക്കലും വൃത്തിയാക്കലും മുറക്ക് നടക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വീടുകളിലെ സാധനസാമഗ്രികളും കഴുകി വൃത്തിയാക്കുന്നു. നനച്ചുള്ളിയെന്നാണ് പഴമക്കാര്‍ ഈ വൃത്തിയാക്കലിന് നല്‍കിയിരിക്കുന്ന പേര്. ആചാരങ്ങള്‍ തെറ്റിക്കാതെ ലോകനന്മക്കായി പ്രാര്‍ത്ഥനയോടെ നോമ്പുകാലത്തെ വരവേല്‍ക്കുകയാണ് ഓരോ മനുഷ്യമനസ്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: