മലപ്പുറം: ജില്ലയിലെ ആരാധാനാലയങ്ങളില്‍ പൂര്‍ണമായും ഹരിത നിയമാവലി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ അമിത് മീണയുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഉപയോഗിച്ച് വലിച്ചറിയുക എന്നുള്ള അതിവേഗം വളരുന്ന സംസ്കാരത്തിനെതിരെ ബോധ പൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വിവിധ മതസംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹരിത നിയമാവലിയുടെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചെറിയ തടസ്സങ്ങളുണ്ടാവുമെങ്കിലും ക്രമേണ പദ്ധതി വിജയിപ്പിക്കുമെന്നും അവര്‍ ജില്ലാകലക്ടര്‍ക്ക് ഉറപ്പ് നല്കി.
പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മത സംഘടനകളുടെ പൊതു പരിപാടികളില്‍ ഹരിത നിയമാവലി കര്‍ശനമായി നടപ്പിലാക്കും. അലങ്കാര വസ്തുക്കള്‍ പൂര്‍ണമായും പ്രക്യതിയോട് ഇണങ്ങുന്നത് ഉപയോഗിക്കും.
ഫ്ളക്സുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പരിപാടികളോടനുബന്ധിച്ച് ഉണ്ടാകുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കില്ല. എല്ലാ തരം കനം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കും. ഡിസ്പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം സ്ഥിരം പ്ലെയ്റ്റുകളും ഗ്ലാസുകളും ഉപയോഗിക്കും. വെള്ളിയാഴ്ചകളില്‍ പള്ളികളിലും ഞായറാഴ്ചകളില്‍ ചര്‍ച്ചുകളിലും ഇതു സംബന്ധിച്ച് പ്രത്യേക ബോധവത്ക്കരണങ്ങള്‍ ഉണ്ടാകും.
ഇതിനു പുറമെ ശുചിത്വമിഷന് നല്കുന്ന ബുക്ക് ലെറ്റുകള്‍ വിതരണം ചെയ്യും. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാദിവസങ്ങളിലും ഉത്സവ സമയങ്ങളിലും ഭക്തജനങ്ങിളല് പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും.
മത സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ സാങ്കേിതക സഹായം ശുചിത്വമിഷന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാടാമ്പുഴ ക്ഷേത്രത്തില്‍ ഉണ്ടാകുന്ന തേങ്ങയുടെ വെള്ളത്തില്‍ നിന്ന് ഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം ബോഡുമായി സഹകരിച്ച് നടപ്പിലാക്കും. ജില്ലയിലെ ശുചിത്വമിഷന് പ്രവര്‍ത്തനത്തിന് കാടാമ്പുഴ ദേവസ്വം ബോര്‍ഡ് 50000 രൂപയുടെ ചെക്ക് ജില്ലാകലക്ടര്‍ക്ക് കൈമാറി. പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ ജൂണ്‍ രണ്ടിന് കോട്ടപ്പടിയില്‍ വെള്ളിയാഴ്ച ജുമാ നമസ്കാരത്തതിന് ശേഷം ഭക്ത ജനങ്ങളുമായി സംസാരിക്കും.
പരിപാടിയില്‍ എ.ഡി.എം. വി.രാമചന്ദ്രന്, ശുചിത്വമിഷന് ജില്ല കോഡിനേറ്റര്‍ പ്രീതി മേനോന്, മുഹമ്മദ് കുട്ടി ഫൈസി, (സമസ്ത) സദറുദ്ദീന്‍ എന്‍.കെ (ജമാത്തെ ഇസ്ലാമി) ടി.എ.ബാവ (എസ്വൈഎസ്) സുരേന്ദ്രക്കുറുപ്പ് (തിരുമാന്ധാംകുന്ന് ക്ഷേത്രം) സുലൈമാന്‍ (കേരള മുസ്ലീം ജമാഅത്ത്) വി.എസ്.ലത്തീഫ് ഫൈസി (എസ്വൈഎസ്.) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: