കരുവാരകുണ്ട്: നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാനപാതക്ക് സമീപം അരിമണലില്‍ അറവുമാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥിരമായി അറവുമാലിന്യം നിക്ഷേപിച്ചിരുന്ന സംഘത്തിന്റേതാണ് വാഹനം.
നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ ഡൈവര്‍ ഓടി രക്ഷപ്പെട്ടു. അരീക്കോട്, മുക്കം, മഞ്ചേരി തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യമാണ് കരുവാരക്കുണ്ടിലെ കൃഷിയിടത്തില്‍ നിക്ഷേപിക്കുന്നത്. സ്ഥലമുടമകള്‍ക്ക് വന്‍തുക പ്രതിഫലവും നല്‍കും. കൃഷിയിടത്തില്‍ കുഴിതീര്‍ത്ത് നിക്ഷേപിക്കുന്ന അറവുമാലിന്യത്തിന്റെ ദുര്‍ഗന്ധം പരിസരവാസികളെ ദുരിതത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മാലിന്യം എത്തിക്കുന്ന വാഹനം പരിസരവാസികള്‍ സംഘടിച്ച് പിടികൂടുകയായിരുന്നു. മലയോരത്ത് തുടരുന്ന കനത്ത മഴയില്‍ മാലിന്യം ജലസ്രോതസ്സുകളില്‍ കലരുന്നത് പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാഹചര്യം സൃഷ്ടിക്കും.
കഴിഞ്ഞ വര്‍ഷം ഓലപാറ, വട്ടമല ഭാഗത്തെ കൃഷിയിടത്തില്‍ നിക്ഷേപിക്കാനെത്തിയ അറവുമാലിന്യ വാഹനങ്ങളും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. കരുവാരകുണ്ട് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യം ചെയ്ത സ്ഥലമുടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: