കോട്ടക്കല്‍: ചങ്കുവെട്ടി വഴി കടന്നുപോകുന്ന ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ ചീറിപ്പായുകയാണ്. എന്നാല്‍ ദേശീയപാതയില്‍ നിന്ന് മലപ്പുറം റോഡിലേക്ക് കടന്നാല്‍ ചക്രവ്യൂഹത്തില്പ്പെട്ടത് പോലെയാകും. മുന്നോട്ടും പിന്നോട്ടും ചലിക്കാനാവാത്ത അവസ്ഥ.
കോട്ടക്കല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രി മുതല്‍ താഴെ കോട്ടക്കല്‍ വരെയുള്ള 500 മീറ്റര്‍ ദൂരം മറികടക്കണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും വേണം. ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിരയായതിനാല്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല. ഇത്രയും വലിയ കുരുക്ക് ഉണ്ടായിട്ടും ഗതാഗത നിയന്ത്രണത്തിന് ഒരു ട്രാഫിക് പോലീസുകാരന് പോലുമില്ല.
നഗരസഭ, ആര്യവൈദ്യശാല, മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുള്ള ഈ കേന്ദ്രത്തിലെ കുരുക്ക് ജനങ്ങളെ വലക്കുകയാണ്.
റോഡിന് ഇരുവശവും വ്യാപാര സ്ഥാപനങ്ങള്‍ കയ്യേറിയിരിക്കുന്നു. ഫുട്പാത്തില്‍ വരെ കച്ചവടങ്ങള്‍ പൊടിപൊടിക്കുകയാണ്. വഴിയാത്രക്കാര്‍ ഇതുമൂലം റോഡിലിറങ്ങി നടക്കേണ്ട അവസ്ഥ. വാഹനങ്ങള്‍ക്കൊപ്പം വഴിയാത്രക്കാരും റോഡിലിറങ്ങുന്നതോടെ കുരുക്ക് മുറുകുന്നു.
ഗതാഗത പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇടക്കിടെ യോഗം ചേരാറുണ്ട്. പക്ഷേ ചായകുടിച്ച് പിരിയുകയല്ലാതെ തീരുമാനമൊന്നുമുണ്ടാകുന്നില്ല.
പുത്തൂര്‍-ചിനക്കല്‍ ബൈപ്പാസിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായാല്‍ കോട്ടക്കല്‍ നഗരം ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടും. എന്നാല്‍ ഇതിനായുള്ള ശ്രമം അധികൃതര്‍ നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: