നിലമ്പൂര്‍: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് തന്നെ മലയോര മേഖല പകര്‍ച്ചവ്യാധിയുടെ പിടിയില്‍.
നിലമ്പൂര്‍ മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ നിലമ്പൂര്‍ നഗരസഭാപരിധിയില്‍ മാത്രം 15 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് 15 പേരുടെ രക്തം സംശയകരമായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്കയച്ചത്. അതില്‍ 15 പേര്‍ക്കും ഡെങ്കിപ്പനി തന്നെയെന്ന് സ്ഥിരീകരിച്ചു.
ചുങ്കത്തറ ബ്ലോക്ക് കമ്യൂണിറ്റി കേന്ദ്രത്തിനു കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്തുകളില്‍നിന്ന് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പനിബാധിതരെ കൂടുതല്‍ കണ്ടെത്തിയത് പോത്തുകല്ലിലാണ്.
പോത്തുകല്ല്, ചുങ്കത്തറ, എടക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പാതിരിപ്പാടത്തുനിന്ന് കൂടുതല്‍പേര്‍ ചികിത്സതേടിയിട്ടുണ്ട്. തോട്ടം മേഖലകളില്‍നിന്നാണ് രോഗികളില്‍ കൂടുതല്‍പ്പേരും എത്തുന്നത്. നിലമ്പൂരില്‍ അഞ്ചുപേര്‍ക്കും എടക്കരയില്‍ നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പലസ്ഥലത്തും ഫോംഗിങ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫോഗിംങ് ആരോഗ്യകരമല്ലെന്നാണ് അധികൃതര്‍ തന്നെ പറയുന്നു. ഫോഗിങ് മെഷീനില്‍നിന്ന് പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇതിനെത്തുടര്‍ന്ന് പല പഞ്ചായത്തുകളും ഫോഗിംങ് വേണ്ടെന്നറിയിച്ചിട്ടുണ്ട്.
2015-ല്‍ നിലമ്പൂരില്‍ ഡെങ്കിപ്പനി കണ്ടത് രണ്ടുപേരില്‍ മാത്രമായിരുന്നു. 2016 ആയപ്പോള്‍ 39 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളുടെ സഹകരണമാണ് രോഗം ഇല്ലായ്മചെയ്യാന്‍ പ്രധാനമായും വേണ്ടെതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: