കരുവാരകുണ്ട്: ഒലിപ്പുഴയോരത്തെ പുറംമ്പോക്ക് ഭുമി പിടിച്ചെടുക്കുവാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ ഇന്നലെ നടത്തിയ സര്‍വ്വേയില്‍ ഖാന്ഖാനിനടുത്ത് അഞ്ചേക്കറോളം ഭൂമി പുതുതായി പഞ്ചായത്ത് ഏറ്റെടുത്തു. നെല്‍കൃഷി നടത്തുന്നതിനു വേണ്ടി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കിയ പുറമ്പോക്കു ഭൂമിയാണ് പഞ്ചായത്ത് ഏറ്റെടുക്കുന്നത്.
നെല്‍കൃഷി ഉപേക്ഷിച്ച് നാണ്യവിളകളാണ് ഇവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്നത്. പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും പിടിച്ചെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും നേരത്തേ രംഗത്തെത്തിയിരുന്നു.
പുറമ്പോക്കു ഭൂമിയില്‍ വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച വരും പ്രദേശത്തുണ്ട്. ഈ കെട്ടിടങ്ങള്‍ പഞ്ചായത്തേറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞയാഴ്ച അങ്ങാടിക്കു സമീപത്തെ പുറമ്പോക്കു ഭൂമി സന്ദര്‍ശിക്കാനെത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്വ്വകക്ഷിസംഘത്തിനെ കൈവശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്നലെ പുറമ്പോക്കു ഭൂമി അളന്ന് വേര്‍തിരിക്കാന്‍ റവന്യൂ സംഘമെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്,സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് പി.ഷൗക്കത്തലി, മെമ്പര്‍മാരായ എം.മുരളി, വി.ഷബീര്‍ അലി, പഞ്ചായത്ത് സെക്രട്ടറി നിസാര്‍, വി.ഉമ്മര്‍കോയ, ഒ.പി ഇസ്മായില്‍, എം.പി വിജയകുമാര്‍, താലൂക്ക് സര്‍വ്വയര്‍ പി.സമീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: