ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍കാട് താലൂക്കുകളിലെ വിവിധ ക്വാറികളില്‍ റവന്യുവകുപ്പ് നടത്തിയ പരിശോധനയില്‍ 42 വാഹനങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നു ടിപ്പര്‍ലോറിക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
അതിന്റെഭാഗമായി ഒറ്റപ്പാലം താലൂക്കിലേക്കു നടന്ന പ്രതിഷേധ പ്രകടനം താലൂക്ക് കവാടത്തില്പോലീസ് തടഞ്ഞു. മൂന്നു താലൂക്കുകളിലെ നിര്‍മ്മാണമേഖല റെയ്ഡിനെ തുടര്‍ന്നു പൂര്‍ണ്ണമായി സ്തംഭിച്ചു. റവന്യു അധികാരികളുടെ പരിശോധനയില്‍ പിടിച്ചെടുക്കപ്പെട്ട വിവിധ വാഹനങ്ങളിലെ തൊഴിലാളികളും ഇതരസംസ്ഥാനതൊഴിലാളികളും ഉള്‍പ്പടെ ഏകദേശം പതിനായിരത്തില്പരം തൊഴിലാളികള്‍ തൊഴില്‍ രഹിതരായി.
മിന്നല്‍പരിശോധനകളും, മിന്നല്‍പണിമുടക്കുകളും നിര്‍മ്മാണ മേഖലയെ സ്തംഭിപ്പിക്കുന്നത് ആദ്യമല്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്താത്ത ക്വാറികള്‍ നിരോധിക്കേണ്ടആവിശ്യകതയെക്കുറിച്ചു ഒറ്റപ്പാലം താലൂക്ക് വികസന സമിതിയില്‍ സഭാ അംഗങ്ങള്‍ ചോദ്യമുന്നയിച്ചിരുന്നു.നിലവിലുള്ള ലൈസന്‍സ് പുതുക്കുന്ന സമയത്ത്അക്കാര്യം പരിശോധിക്കാമെന്നായിരുന്നു വകുപ്പ് ഉദ്യോഗസ്ഥന്റെമറുപടി.എന്നാല്‍ ഒറ്റപ്പാലം താലൂക്കില്‍ ഒരു ക്വാറി ഒഴിച്ച് മറ്റെല്ലാ ക്വാറികളും നിയമവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ബഹുഭൂരിപക്ഷം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന മേഖല സ്തംഭിച്ചതോടെ തൊഴില്‍മേഖലയില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്. വ്യക്തമായരേഖകള് ഇല്ലാത്ത 42 വിവിധ വാഹനങ്ങള്‍ പിടിച്ചതോടെ നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി അതീവരൂക്ഷമായിരിക്കുകയാണ്.പ്രശ്നത്തിനു ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടം സ്വകാര്യ കെട്ടിട ഉടമകള്‍ക്കു അനുഭവിക്കേണ്ടി വരും.
ക്വാറി മാഫിയകളെ ആദ്യമായി കയറൂരി വിട്ട റവന്യൂ അധികാരികള്‍ ഇടക്ക് അവര്‍ക്കു മൂക്കുകയറിടാന്‍ ശ്രമിക്കുന്നതാണു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വ്യക്തമായരേഖകളില്ലാതെ നിരവധി അനധികൃത ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്ക്കുവഴിവിട്ടഒത്താശകള് ചെയ്തു കൊടുക്കുന്നത് റവന്യൂഅധികാരികളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി കൊടുക്കുമ്പോള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും സ്റ്റോപ്പ് മെമ്മോ എന്ന കടലാസ് വഴിപാടായി നല്കുന്നു. ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമ്പോള്‍ മാത്രമാണു വില്ലേജ് ഓഫീസുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
അഴിമതിയുടെ കൂടാരമായ താഴെ തട്ടിലുള്ള വില്ലേജ് ഓഫീസുകളെ നിയന്ത്രിക്കാന്‍ റവന്യു അധികാരികള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ഇത്തരം റെയ്ഡുകള്‍ വെറും പരസ്യപ്രചരണമായ് മാറുമെന്ന വാദം നിലനില്‍ക്കുന്നുണ്ട്. വന്‍കിട ക്രഷര്‍ മുതലാളിമാരുടെ ടോറസ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ നിര്‍ബാധം സഞ്ചരിക്കുമ്പൊഴും നിയമം നടപടികൈകൊള്ളാതെ റവന്യു അധികൃതര്‍ മൗനംപാലിക്കുന്നത് ദുരൂഹമാണെന്ന ടിപ്പര്‍ ലോറി തൊഴിലാളികളുടെ ആരോപണം നിലനില്ക്കുന്നു.
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വോറി, ക്രഷര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം ടിപ്പര്‍ലോറികള്‍ പിടിച്ചെടുത്ത റവന്യുവകുപ്പ് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്നും ടിപ്പര്‍ ലോറി തൊഴിലാളികള്‍ ചോദിക്കുന്നു.
35 മുതല്‍ 52 ആയിരം രൂപ വരെ ഫൈന്‍ ഈടാക്കി വണ്ടി വിട്ടുതരാമെന്ന റവന്യൂ വകുപ്പിന്റെ തീരുമാനം തൊഴിലാളികളോടുള്ള ക്രൂരതയാണെന്നും അവര്‍ പറയുന്നു. ടിപ്പര്‍ ലോറി പിടിച്ചെടുത്ത സംഭവത്തില്‍ മനംനൊന്ത്വല്ലപ്പുഴ സ്വദേശിആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: