ഷൊര്‍ണ്ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ ആശുപത്രികളും ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയില്‍.
ഭാരതപ്പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തവും പുരാതനവുമായ കേരളീയ ആയുര്‍വേദ സമാജത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നു. വളരെ പരിമിതമായതോതില്‍ മാത്രമാണ് ആയുര്‍വേദ സമാജത്തില്‍ ഇപ്പോള്‍ രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നത്.ഇവര്‍ക്കായി വേണ്ടി ഇരട്ടിവില കൊടുത്ത് ടാങ്കര്‍ ലോറിയിലാണ് കുടിവെള്ളമെത്തിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം ആയുര്‍വേദ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് സമാജം പ്രസിഡണ്ട് എം.മുരളീധരന് പറഞ്ഞു.
ആയുര്‍വേദ സമാജവും ഉള്‍പ്പെടുന്ന മേഖലക്കായി എസ്സിഫണ്ടില് നിന്ന് 65 ലക്ഷത്തോളം ചെലവഴിച്ച് ഷൊര്‍ണ്ണൂര്‍ നഗരസഭ നടപ്പിലാക്കിയ മേച്ചിരാത്ത് കുന്ന് ഹരിജന്‍ കോളനി കുടിവെള്ള വിതരണ പദ്ധതി അശാസ്ത്രീയമായ നിര്‍മ്മാണം കാരണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
കമ്മീഷന് ചെയ്ത് ഒരാഴ്ച മാത്രമാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചത്. വെള്ളമില്ലാത്തതല്ല പ്രശ്നം, ഗാലറി ഉയര്ത്തിക്കെട്ടിയതു മൂവം പുഴയില്‍ നിന്നും വെള്ളം ഗാലറിയിലേക്കെത്തുന്നില്ല. ഇനി വെള്ളമെത്തിക്കാന്‍ ശക്തി കൂടിയ മോട്ടോര്‍വെച്ച് ഗാലറിയിലേക്ക് പമ്പ് ചെയ്യേണ്ടി വരും. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും ഈ കാര്യത്തില്‍ നഗരസഭ നിസംഗ്ഗമനോഭാവത്തിലാണ്.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന 60000 ലിറ്ററിന്റെ ടാങ്ക് എവിടെ പോയെന്നറിയില്ല. ടാങ്കില്ലാതെ പമ്പ് ഹൗസില്‍ നിന്ന് പൈപ്പുകളിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്ന സംവിധാനമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മാത്രമല്ല പല സ്ഥലത്തും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പതിവാണ്.
ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച പദ്ധതി എത്രയും വേഗം ശരിയാക്കി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: