മുല്ലശ്ശേരി: മഴവെള്ള സംഭരണത്തിനും മത്സ്യകൃഷിക്കുമായി വെങ്കിടങ്ങില്‍ കുളങ്ങളൊരുങ്ങുന്നു. കടുത്ത ജലക്ഷാമം നേരിടുന്നത് തടയുന്നതിനും മത്സ്യലഭ്യത ഉറപ്പു വരുത്തുന്നതിനുമായി ജലസ്രോതസുകള്‍ സംരക്ഷിക്കുക എന്ന വലിയ ആശയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിലെ സ്വകാര്യ കുളങ്ങള്‍ സംരംക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളുമായും സ്വകാര്യ വ്യക്തികളുമായും സഹകരിച്ചുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്കുന്നു. നിലവിലുള്ള കുളങ്ങള്‍ സംരംക്ഷിക്കുന്നതിനോടൊപ്പം, പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുവാനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മത്സ്യകര്‍ഷക ക്ലബ്ബും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജലസ്രോതസുകളെ സംരക്ഷിക്കുവാന്‍ തുടര്‍ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.
കേരള സര്‍ക്കാര്‍ മത്സ്യസമൃദ്ധി പദ്ധതി പ്രകാരം ഈ കുളങ്ങളിലേക്ക് ഒരു സെന്റിന് 40 മത്സ്യക്കുഞ്ഞുങ്ങള്‍ വീതം നല്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി എം ശങ്കറും അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ ഇ.കെ ജയനും അറിയിച്ചു. നിലവില്‍ പലയിടങ്ങളിലും കുളങ്ങള്‍ മണ്ണിട്ടു മൂടുന്ന അവസ്ഥയിലാണ് വെങ്കിടങ്ങ് പഞ്ചായത്ത് ഇത്തരമൊരു ഉദ്യമത്തിന് മുന്നോട്ടു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: