വയനാട്ടിലെ സമഭൂമിയിലെ വനവാസി കുടുംബങ്ങള്‍ അസ്വസ്ഥരാണ്. വനഭൂമി സ്വന്തമാകുമോ ഇല്ലയോ എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഭരണകൂടത്തിനും രാഷ്‌ട്രീയ പാര്‍ട്ടി നേതൃത്വത്തിനും കഴിയാത്തതാണ് കാരണം. 1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒരുവര്‍ഷത്തിനകം ഒഴിപ്പിക്കണമെന്ന 2015 സെപ്റ്റംബര്‍ നാലിലെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ വനം-വന്യജീവി വകുപ്പ് നിര്‍ബന്ധിതമായാല്‍ കൈയേറിയ ഭൂമിയില്‍ ഇതിനകം ഒഴുക്കിയ വിയര്‍പ്പ് വെറുതെയാകുമെന്ന് കരുതുന്ന ആദിവാസികള്‍ നിരവധിയാണ്. ‘അവകാശം സ്ഥാപിച്ച’ ഭൂമിയില്‍ കാപ്പിയും കുരുമുളകും ഉള്‍പ്പെടെ ദീര്‍ഘകാല വിളകളും ആദിവാസികള്‍ ഇറക്കിയിട്ടുണ്ട്.
2012 മെയ്, ജൂണ്‍ മാസങ്ങളിലായാണ് ഏറ്റവും ഒടുവില്‍ ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി ജില്ലയില്‍ കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. വടക്കേ വയനാട് വനം ഡിവിഷനിലെ മാനന്തവാടി, പേരിയ, ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയില്‍ മാത്രം ഭൂസമരത്തിന്റെ ഭാഗമായി ആദിവാസികള്‍ 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി കൈയേറിയതായാണ് വനം വകുപ്പിന്റെ കണക്ക്. തെക്കേ വയനാട് വനം ഡിവിഷനിലെ ഇരുളം, ചീയമ്പം തുടങ്ങിയ സ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ പുറമേ. ആദിവാസി സംഘം(ബിജെപി), ആദിവാസിക്ഷേമ സമിതി(സി.പി.എം), ആദിവാസി മഹാസഭ(സി.പി.ഐ), ആദിവാസി കോണ്‍ഗ്രസ്(കോണ്‍ഗ്രസ്)എന്നിവയും സി.കെ.ജാനു അധ്യക്ഷയായ ആദിവാസി ഗോത്രമഹാസഭയുമാണ് ഭൂസമരത്തിന് നേതൃത്വം നല്‍കിയത്.
മാനന്തവാടി, പേരിയ, ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചുകളില്‍ 33 കേന്ദ്രങ്ങളിലായി 1500 ഓളം വനവാസികളാണ് സമരത്തിന്റെ ഭാഗമായി വനഭൂമി കൈയറിയത്. ആദിവാസി ക്ഷേമ സമിതി(എ.കെ.എസ്) 2012 മെയ് അഞ്ചിനും തുടര്‍ന്നുള്ള ദിവസങ്ങളിലൂമായി 16 കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട ഭൂസമരം ആരംഭിച്ച സാഹചര്യത്തിലാണ് മറ്റു ആദിവാസി സംഘടനകള്‍ വനം കൈയേറ്റത്തിനു നേതൃത്വം നല്‍കിയത്. എ.കെ.എസിന്റെ ഒന്നാംഘട്ട ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശരേഖ ലഭിച്ചത് കാട് കൈയേറുന്നതില്‍ ആദിവാസികള്‍ക്ക് പ്രചോദനവുമായി. കൈയേറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വനം വകുപ്പ് പോലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ തുടങ്ങി. 2012 ജൂലൈയില്‍ 13 നീക്കങ്ങളിലൂടെ സമരകേന്ദ്രങ്ങളില്‍നിന്നു 1287 താത്കാലിക കുടിലുകള്‍ പൊളിച്ചുനീക്കി. 296 സ്ത്രീകളും 26 കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്തു. 263 ഹെക്ടര്‍ വനഭൂമി തിരിച്ചുപടിച്ചു. എന്നാല്‍ ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആദിവാസികള്‍ കോടതി ജാമ്യം അനുവദിച്ച മുറയ്‌ക്ക് സമരകേന്ദ്രങ്ങളില്‍ തിരികെയെത്തുകയാണ് ഉണ്ടായത്. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കുകയുമുണ്ടായി. കൈയേറ്റം ഒഴിപ്പിക്കാന്‍ പിന്നീടിന്നോളം വനവകുപ്പ് മുതിര്‍ന്നിട്ടില്ല.
മാനന്തവാടി റെയ്ഞ്ചിലെ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, ബേഗൂര്‍ റേഞ്ചിലെ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പേരിയ റെയ്ഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക് എന്നിവിടങ്ങളിലാണ് എകെഎസ് സമരകേന്ദ്രങ്ങള്‍. ഏകദേശം 174 ഹെക്ടര്‍ വനഭൂമിയാണ് ഇത്രയും കേന്ദ്രങ്ങളിലായി ആദിവാസികളുടെ കൈവശം. പേരിയ റെയ്ഞ്ചിലെ കരിമാനിയില്‍ എട്ട് ഹെക്ടര്‍ വനഭൂമിയിലാണ് ആദിവാസി മഹാസഭയുടെ ഭൂസമരം.
ബേഗൂര്‍ റെയ്ഞ്ചിലെ പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ് എന്നിവിടങ്ങളിയാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കൈയേറ്റം നടന്നത്. 60 ഹെക്ടറോളം സ്ഥലമാണ് രണ്ടിടങ്ങളിലുമായി ആദിവാസികളുടെ കൈവശം. ബേഗൂര്‍ റെയ്ഞ്ചിലെ മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, പേരിയ റെയ്ഞ്ചിലെ എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല എന്നീ ഒന്‍പത് കേന്ദ്രങ്ങളിലാണ് ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂസമരം. ബേഗൂര്‍ റെയ്ഞ്ചിലെ കുമാരമല എടപ്പടി, പേരിയ റേഞ്ചിലെ വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന്, മാനന്തവാടി റെയ്ഞ്ചിലെ പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി സംഘത്തിന്റെ സമരകേന്ദ്രങ്ങള്‍. തെക്കേവയനാട്ടിലെ ചീയമ്പം, ഇരുളം, എഴുപത്തിമൂന്ന് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ സംഘനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം തുടരുകയാണ്.
ആദിവാസികളെ സമരകേന്ദ്രങ്ങളില്‍നിന്നു ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഈയിടെ മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസ്താവിച്ചത് സമരക്കാരില്‍ ചിലരുടെ ഉളളുതണുപ്പിക്കാന്‍ സഹായകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: