കൊച്ചി: ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനും ബാധകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കാനും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തര്‍ക്കായി കമ്മിഷന് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്ദ്ദേശങ്ങളിലാണിത്.
വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത് തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ക്കായി ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലയിന്റ് കൗണ്‍സില്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്‍.ബി.എസ്.എ.(ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ് അതോറിട്ടി) നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാല്പ്പത്തെട്ട് മണിക്കൂര്‍ കാലായളവില്‍ യാതൊരാളും ആ നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ, നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് കേരള പഞ്ചായത്ത് രാജ് , മുനിസിപ്പാലിറ്റി നിയമങ്ങളില്‍ വ്യക്തമാക്കുന്നതും പാലിക്കുന്നുവെന്നുറപ്പാക്കും. പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം കമ്മിഷന് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: