ശാസ്താംകോട്ട: ഡിവൈഎഫ്ഐയുടെ രണ്ട് യുവതുര്‍ക്കികള്‍ താമരചിഹ്നത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ ശൂരനാടിന്റെ ചുവപ്പുകോട്ടയില്‍ കാവിയുടെ പൊന്‍തിളക്കം.
ശൂരനാട് തെക്ക് പഞ്ചായത്തിലെ ഇരവിച്ചിറ പടിഞ്ഞാറ് ഒന്നാംവാര്‍ഡില്‍ മത്സരിക്കുന്ന വി.എസ്.ജിതിന്‍ദേവും ആയിക്കുന്നം ഒമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന ദിനചന്ദ്രനുമാണ് ഡിവൈഎഫ്ഐയില്‍ നിന്ന് ബിജെപിയിലെത്തിയ യുവനേതാക്കള്‍.
ഇരുവരും താമര ചിഹ്നത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാര്‍ത്ഥിയായ ഇറങ്ങിയതോടെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി രാഷ്ട്രീയ രംഗത്ത് വന്ന ദിനചന്ദ്രന് ഡിവൈഎഫ്ഐ താലൂക്ക് സെക്രട്ടറി തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ലോക്കല്‍ കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ ജീര്ണതയില് മനം മടുത്ത് ബിജെപിയില്‍ വന്ന ദിനചന്ദ്രനൊപ്പം ആയിക്കുന്നത്തെ 50 ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബിജെപിയില്‍ അംഗമായി. ഇത് തന്നെയാണ് ഇരവിച്ചിറ പടിഞ്ഞാറ് ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ജിതിന്ദേവിന്റെയും ചരിത്രം.
ഡിവൈഎഫ്ഐ ശൂരനാട് വില്ലേജ് സെക്രട്ടറിയായിരുന്ന ജിതിന്‍ദേവ് പതിനെട്ടാം വയസിലാണ് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയംഗമാകുന്നത്. പന്തളം എന്‍എസ്എസ് കോളേജിലെ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജിതിന് തുടര്‍ന്ന് രാഷ്ട്രീയരംഗത്ത് സജീവമാകുകയായിരുന്നു. ശൂരനാട് ഡിവൈഎഫ്ഐയുടെ നേതൃസ്ഥാനത്ത് എത്തിയ ജിതിന്‍ദേവ് വിരളമായ കാലയളവിനുള്ളില്‍ യുവാക്കളുടെ ആവേശമായി മാറി. പിന്നീട് പാര്‍ട്ടിയുടെ ആശയപരമായയി തെറ്റിപിരിഞ്ഞ ജിതിന്‍ദേവ് സഹപ്രവര്‍ത്തകരൊടൊപ്പം മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയിലെത്തുന്നത്. ഇതോടെ ശൂരനാട് തെക്ക് പഞ്ചായത്തിലെ പടിഞ്ഞാറ് മേഖലയില്‍ ഡിവൈഎഫ്ഐയുടെ അടിത്തറ ഇളകുകയായിരുന്നു.
ഇരവിച്ചിറ പടിഞ്ഞാറ് പ്രദേശത്തെ മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ജിതിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ഇവിടെ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരം പോലും ഇന്ന് യുവമോര്‍ച്ചയുടെ സ്വന്തമാണ്. ചുരുങ്ങിയ നാള് കൊണ്ടുതന്നെ മികച്ച സംഘടനപാടവം ജിതിന് ദേവിനെ യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാക്കി. ഇരുവരുടെതും കാലങ്ങളായി അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുബമായിരുന്നു. ബിജെപി അംഗമായതോടെ സ്വധര്‍മ്മത്തിലേക്കുള്ള ഇരുവരുടെയും തിരിച്ചുവരവ് ആവേശത്തോടെയാണ് നാട്ടുകാര്‍ എതിരേറ്റത്.
പ്രചരണത്തില്‍ ഇരുവരും ഒന്നാംസ്ഥാനത്താണ്. നിരവധിതവണ ഗൃഹസമ്പര്‍ക്കം നടത്തികഴിഞ്ഞു. ഇരുസ്ഥലങ്ങളിലെയും വാര്‍ഡ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജനബാഹുല്യം ഇടത്-വലത് മുന്നണികളില്‍ ഉറക്കം കെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: