കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഹൃദയ ഭാഗം ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെ. ‘നല്ല നാളെയുടെ നല്ല കോഴിക്കോട്ടുകാരന്’ എന്ന മുദ്രാവാക്യവുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം വരിച്ച ഡോ. എം.കെ. മുനീര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം എന്ന നിലയില്‍ ഇതിന് സവിശേഷ പ്രാധാന്യമുണ്ട്. കോര്‍പ്പറേഷനിലെ 25 ഡിവിഷനുകളുള്ക്കൊള്ളുന്നതാണ് സൗത്ത് മണ്ഡലം. ഇതില്‍ ഒമ്പതില്‍ എല്‍ഡിഎഫും 17 ല്‍ യുഡിഎഫുമാണ് വിജയിച്ചത്.
വികസനത്തെക്കുറിച്ച് ഏറെ വാഗ്ദാനങ്ങള്‍ ഉണ്ടായെങ്കിലും അവ പാഴ്വാക്കുകളായി മാറിയെന്നാണ് വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഇടതു മുന്നണി ഭരിക്കുന്ന കോര്‍പ്പറേഷനെതിരെയും നിയമസഭാ മണ്ഡലം പ്രതിനിധീകരിക്കുന്ന മന്ത്രി മുനീറിനെതിരെയുമുള്ള കുറ്റപത്രമാണ് വോട്ടര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. തീരദേശ മേഖലകളില്‍ ഒന്നാകെയും കിണാശ്ശേരി, കൊമ്മേരി, നെല്ലിക്കോട് തുടങ്ങിയ മേഖലകളിലും പ്രധാന ചര്‍ച്ചാവിഷയം കുടിവെള്ളക്ഷാമം തന്നെയാണ്.
നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡുകളുടെ പ്രവൃത്തി എവിടെയുമെത്തിയിട്ടില്ല. ചാലപ്പുറം-മാങ്കാവ് റോഡ് നവീകരണമെന്ന ആവശ്യത്തിന് നാലു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുത്തതല്ലാതെ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് വേണ്ടിയുള്ള സമരമുഖത്ത് ഡോ. എംജിഎസ് നാരായണനാണുള്ളത്. സൗത്ത് മണ്ഡലത്തിലുള്പ്പെട്ടതല്ലെങ്കിലും നഗരത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണിത്. റോഡ് വികസനത്തിന് ഉദ്യോഗസ്ഥവൃന്ദമാണ് തടസ്സം നില്ക്കുന്നതെന്ന വിശദീകരണം വിലപ്പോവാതായിരിക്കുന്നു. കാവില്‍താഴം-കൊമ്മേരി മിനി ബൈപ്പാസ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും വൃഥാവിലായി. മികവിന്റെ കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ പരിതാപകരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയുടെ വികസനപ്രവൃത്തികളില്‍ ഒതുങ്ങി നില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനം. മണ്ഡലത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരോ സ്റ്റാഫോ ഇല്ല. ആരോഗ്യമേഖലയെ പാടേ അവഗണിച്ചുവെന്ന പരാതിയാണ് വോട്ടര്‍മാര്‍ക്ക് ഡോക്ടറായ മുനീറിനോട് പറയാനുള്ളത്.
മീഞ്ചന്ത ബസ് ടെര്‍മിനല്‍ സ്ഥാപിക്കുമെന്നായിരുന്നു കോര്പ്പറേഷന് ഭരണക്കാര്‍ വാക്കു കൊടുത്തിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ മാത്രമാണുണ്ടായത്. കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ് ഈ വികസന വാഗ്ദാനത്തിന്. നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആവിഷ്കരിക്കപ്പെട്ട മോണോ റെയില്‍ പദ്ധതി ആരംഭത്തിലേ ഉപേക്ഷിച്ചു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിനായി ചെലവഴിച്ചത് ഒമ്പത് കോടി രൂപയാണ്. 2014 ആഗസ്റ്റ് 31 ന് പ്രഖ്യാപിച്ച ലൈറ്റ് മെട്രോയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. കോര്പ്പറേഷന് ഭരിക്കുന്നവര്‍ക്കും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും മുന്നില്‍ വോട്ടര്‍മാര്‍ അവതരിപ്പിക്കുന്നത് നീണ്ട കുറ്റപത്രമാണ്.
എന്നാല്‍ തീരദേശ മേഖലയില്‍ വന്‍ വികസനമാണുണ്ടായതെന്ന് മന്ത്രി അവകാശപ്പെടുന്നു. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്ന കോതി പാലത്തിനുള്ള അപ്രോച്ച് റോഡ് പൂര്‍ത്തിയായതും പന്നിയങ്കര മേല്‍പ്പാലത്തിന്റെ പണി പുരോഗമിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: