ചെങ്ങന്നൂർ: എല്ലാ ജനവിഭാഗത്തെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബിജെപി മുളക്കുഴ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻെറ വൈവിധ്യങ്ങളെ മാനിച്ചുവേണം ഓരോ ഭാരതീയനും പ്രവർത്തിക്കേണ്ടത്. മോദിയുടെ സന്ദേശം എല്ലാവരും ഉൾക്കൊള്ളണം.
കേന്ദ്രത്തിൽ അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞു. കൃഷിയും, വ്യവസായവും ഒരുമിച്ച് കൊണ്ടുപോകുന്ന മോദി മാജിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടെ നടപ്പാക്കി വിജയിപ്പിച്ചതാണ്. അവിടെ ദേശീയ ശരാശരിയെക്കാൾ കൂടുതൽ കൃഷി ഉത്പ്പാദനമാണ് അധികമുണ്ടായത്.
വർഷം 12 രൂപാ മുടക്കിയാൽ രണ്ട് ലക്ഷം രൂപാവരെ കിട്ടുന്ന ഇൻഷ്വറൻസ് പദ്ധതിയടക്കം നിരവധി ജനോപകാര പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു. ചുരുങ്ങിയ കാലയളവിൽ ഇത്രയും പദ്ധതികൾ ലോകത്ത് ഒരിടത്തും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവബോധാനന്ദസ്വാമികൾ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും മുളക്കുഴ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ബി. കൃഷ്ണകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എൻ. സനു, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രവീൺ, നിയോജകമണ്ഡലം സെക്രട്ടറി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്സി ഫിഷറീസിന് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി സുഗന്ധിയെ കണ്ണന്താനം അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: