കോന്നി:മന്ത്രിയുടെ തട്ടകത്തില്‍ ഏണിയുമായി കെണിയൊരുക്കി മുസ്ലിംലീഗും.റവന്യൂമന്ത്രി അടൂര്‍പ്രകാശിന്റെ തട്ടകമായ കോന്നിയിലാണ് ഏണി കോണ്‍ഗ്രസ്സിന് കെണിയാകുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് 16 -ാം വാര്‍ഡിലാണ് യുഡിഎഫില്‍ വിള്ളലുണ്ടാക്കിക്കൊണ്ട് ലീഗ് രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സൗദാറഹീമിനെ ലീഗ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അബ്ദുള്മുത്തലീഫിന്റെ ഭാര്യ സലീനാ മുത്തലീഫാണ് ഏണിയുമായി എതിരിടുന്നത്. എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഏണി ചിഹ്നത്തില്‍ സലീനയെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വവും തയ്യാറായി.
യൂത്ത് ലീഗ് മുന്‍ജില്ലാ സെക്രട്ടറിയും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ അബ്ദുള്‍ മുത്തലീഫിന്റെ ഭാര്യ സലീനയ്ക്ക് ഈ വാര്‍ഡില്‍ സീറ്റ് നല്‍കാമെന്നായിരുന്നു യുഡിഎഫിലെ ആദ്യധാരണ. എന്നാല്‍ മന്ത്രിയുടെ താല്പര്യം കണക്കിലെടുത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സൗദാ റഹീമിന് ഇവിടെ സീറ്റ് നല്കാന് തീരുമാനിച്ചെന്നാണ് ആക്ഷേപം. സ്വപ്നംകണ്ടിരുന്ന സീറ്റ് നഷ്ടമായതോടെ അഭിമാനത്തിന് മുറിവേറ്റ ലീഗ്നേതൃത്വം സ്വന്തം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി യുഡിഎഫിനെ വെല്ലുവിളിക്കുകയായിരുന്നു.
സൗദാ റഹീം ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിലും ബ്ലോക്ക് പഞ്ചായത്ത് വകയാര്ഡിവിഷനിലും ഇതോടൊപ്പംപത്രിക നല്‍കിയിരുന്നു. ബ്ലോക്ക് ഡിവിഷനിലേത് സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോവുകയും ജില്ലാ പഞ്ചായത്തിലെ പത്രിക പിന്‍വലിക്കുകയുമായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വ്യാപകമായി നശിപ്പിച്ചു.അഞ്ചു സ്ഥാനാര്‍ത്ഥികളുള്ള വാര്‍ഡില്‍ കോണ്‍ഗ്രസ്-മുസ്ലിംലീഗ് പോരാട്ടമാണ് നടക്കുന്നത്. ജില്ലയിലെ ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ മിക്കയിടത്തും യുഡിഎഫിന് ബദലായി വിവിധ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മുസ്ലിംലീഗ് മത്സരത്തിനുണ്ട്. എസ്ഡിപിഐയെ കൂട്ടുപിടിച്ച് ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് പലയിടത്തും ശ്രമിക്കുന്നതും ജില്ലാലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: