കോട്ടയം: തെരഞ്ഞെടുപ്പില്‍ രക്ഷ തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ ഇടതു നേതാക്കളും അരമനകളില്‍. സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് എന്നിവരാണ് പി.സി. ജോര്‍ജിന്റെ അകമ്പടിയോടെ പാത്രിയര്‍ക്കീസ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലും വിജയപുരം രൂപതാ മെത്രാന്റെ വസതിയിലും സിഎസ്ഐ സഭാ ആസ്ഥാനത്തും യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനത്തിലും എത്തിയത്.
തങ്ങള്‍ മതമേലധ്യക്ഷന്മാരുടെ തിണ്ണകള്‍ നിരങ്ങാറില്ലെന്നാണ് സിപിഎം പറഞ്ഞു നടക്കുന്നത്. ഇതിനു കടക വിരുദ്ധമായി അതീവ രഹസ്യമായി കഴിഞ്ഞ ദിവസമാണ് ഇവര്‍ കോട്ടയത്തെ അഞ്ച് സഭാ കേന്ദ്രങ്ങളില്‍ എത്തിയത്. ഓരോ സ്ഥലത്തും നാല്‍പ്പതു മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ ഇവര്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയും അരമനകളില്‍ കയറിയിറങ്ങിയിരുന്നു. ആദ്യം മുഖ്യമന്ത്രിയും പിന്നീട് കെ.എം മാണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫ് നേതാക്കളും അരമനയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചത്.
എസ്എന്‍ഡിപി ബിജെപിയോടൊപ്പം നീങ്ങുന്നതിലൂടെ തങ്ങള്‍ക്കുണ്ടാകാവുന്ന നഷ്ടം തിരിച്ചറിഞ്ഞാണ് എല്‍ഡിഎഫ് സഭയുടെ സഹായം തേടി എത്തിയത്. പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ചില പ്രമുഖരുടെ സഹായത്തോടെയാണ് സഭാനേതൃത്വവുമായി എല്‍ഡിഎഫ് ചര്‍ച്ച നടത്തിയത്.
ഇടത് വലത് മുന്നണികള്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നേതൃത്വത്തെയും സമീപിച്ചിരുന്നു. എന്നാല്‍ നേതൃത്വം കൃത്യമായ മറുപടിയൊന്നും അവര്‍ നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: