തിരുവനന്തപുരം: മലപ്പുറത്തും തൃശൂരും തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനു പിന്നില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്നു സൂചന. എന്നാല്‍ ഇതിനു പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നു വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും നീക്കം തുടങ്ങി. അട്ടിമറിക്കു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെങ്കില്‍ സംസ്ഥാന ഇന്റലിജന്‍സ് ഈ നീക്കത്തെക്കുറിച്ച് എന്തുകൊണ്ട് അറിഞ്ഞില്ല എന്നതും സര്‍ക്കാരിനെതിരെ ഉയരുന്ന ചോദ്യമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ സര്‍ക്കാരും കമ്മീഷനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ കമ്മീഷന് നിയമപരമായി മുന്നോട്ട് പോയത് ഭരണമുന്നണിയിലെ മുസ്ലിംലീഗിനെ വല്ലാതെ നിരാശപ്പെടുത്തി. തീരുമാനങ്ങള്‍ അംഗീകരിക്കാത്തതില്‍ കമ്മീഷനെ സര്‍ക്കാര്‍ നേരിട്ട് എതിര്‍ക്കുന്നതിനു പകരം ജിവനക്കാരെ ഉപയോഗിച്ചുള്ള പ്രതികാര നടപടിയെന്നോണമാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്ന് സംശയം ശക്തമാണ്.
ലീഗിന് ആധിപത്യം ഉറപ്പിക്കാന്‍ തക്കവണ്ണമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും പുതിയ നഗരസഭകളുടെ രൂപീകരണവും. നിയമസഭയ്ക്കകത്തും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അശാസ്ത്രീയമായ വാര്‍ഡ് വീഭജനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കമ്മീഷന്റെ മുന്നിലെത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ വാര്‍ഡ് വിഭജനം കമ്മീഷന് റദ്ദാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാനുള്ള നീക്കത്തിനു കമ്മീഷന് തടസ്സമായതോടെയാണ് ലീഗിന്റെ സമ്മര്‍ദ്ദതന്ത്രത്തില്‍ സര്‍ക്കാര്‍ കമ്മീഷനെതിരെ തിരിഞ്ഞത്.
നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരാന്തക്കവണ്ണം തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിരവധി തവണ കത്തിലൂടെ കമ്മീഷന് സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് കമ്മീഷന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗവര്‍ണ്ണറുടെ നടപടിക്രമങ്ങളില്‍ ഭയന്നാണ് കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. പുതുക്കിയ വാര്‍ഡ് വിഭജനത്തിന്റ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ചര്‍ച്ചയിലെ ആദ്യ ആവശ്യം. ഇത് കമ്മീഷന് നിരാകരിച്ചതോടെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയും കമ്മീഷന് അനുകൂലമായി അഭിപ്രായം പറഞ്ഞതോടെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തയ്യാറായത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി കമ്മീഷന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി രൂക്ഷമായ ഭാഷയില്‍ കമ്മീഷനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കാത്തത് തെരഞ്ഞെടുപ്പ് സമയത്ത് അറിയും എന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ആസൂത്രിത നീക്കത്തിലൂടെയാണ് ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ലീഗിന്റെ ഇഷ്ടത്തിനനുസരിച്ച് ജില്ല ഭരിക്കുന്ന മലപ്പുറം കളക്ടറും ഏതാനും ജിവനക്കാരും അട്ടിമറിക്ക് കൂട്ടുനിന്നു എന്നും കരുതുന്നു.
തീവ്രവാദ ഗ്രൂപ്പുകളാണ് അട്ടിമറിക്ക് പിന്നിലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. പ്രശ്നബാധിത ബൂത്തുകളുടെ കണക്കെടുപ്പ് നടത്തുന്നത് സ്പെഷ്യന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ്. ആസൂത്രിത നീക്കം തടയാന്‍ സാധിക്കാത്തത് സംസ്ഥാന പോലീസിന്റെ വീഴ്ചയായും കണക്കാക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: