തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സ് വിമതരെ ചാക്കിട്ട്ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് നീക്കം. 55 അംഗ കൗണ്‍സിലില്‍ രണ്ട് എല്‍ഡിഎഫ് സ്വതന്ത്രരടക്കം 25 സീറ്റുകള്‍ സ്വന്തമാക്കിയെങ്കിലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമില്ല.അതിനാലാണ് കോണ്‍ഗ്രസ്സ് വിമതനെ വിലക്കെടുക്കാന്‍ സിപിഎം ശ്രമം നടത്തുന്നത്.
ചിയ്യാരം സൗത്തില്‍ നിന്നും വിജയിച്ച കുട്ടിറാഫിയെയാണ് വാഗ്ദാനങ്ങള്‍ നല്കി തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 21 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. ഇവരുടെ രണ്ട് വിമതരാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ ഒപ്പം നില്ക്കുന്ന സിഎംപിയുടെ വിമത സ്ഥാനാര്‍ത്ഥി സുകുമാരന്‍ പൂത്തോള്‍ ഡിവിഷനില്‍ നിന്നും വിജയിച്ചിരുന്നു. ഇദ്ദേഹത്തെയും ചാക്കിട്ടുപിടിക്കാന്‍ നീക്കമുണ്ട്.
ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമാണ് മുന്നണികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി ആറ് സീറ്റിലേക്ക് ഉയര്‍ന്ന് കൗണ്‍സിലില്‍ നിര്‍ണായകമായി കഴിഞ്ഞു. കഴിഞ്ഞ തവണ കോര്‍പ്പറേഷനില്‍ ഒമ്പതിനായിരത്തി അഞ്ഞൂറ് വോട്ടുമാത്രം ലഭിച്ചിരുന്ന ബിജെപി ഇത്തവണ 30953 വോട്ടാണ് നേടിയത്. പല വാര്‍ഡുകളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ പരസ്പരം വോട്ടുകള്‍ മറിച്ചാണ് ബിജെപിയുടെ കുതിപ്പിന് മുന്നണികള്‍ തടയിട്ടത്. വോട്ടുകച്ചവടത്തിനെതിരെ യുഡിഎഫിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
പല സ്ഥലങ്ങളിലും സിപിഎമ്മിന് അനുകൂലമാകാവുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് നടത്തിയതെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മകള്‍ ഒളരി ഡിവിഷനില്‍ നിന്നും വിജയിച്ച സി.ബി.ഗീത ഡിസിസിക്കെതിരെ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയാണ് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണമെന്ന് ഗീത പറഞ്ഞു. ഇതിനിടെ രാമവര്‍മ്മപുരം ഡിവിഷനില്‍ നിന്നും മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ തോല്‍വിക്ക് പിന്നില്‍ മുന്‍ മന്ത്രി കെ.പി.വിശ്വനാഥനാണെന്ന ആരോപണവുമായി യൂത്ത് കോണ്ഗ്രസ്സുകാര് രംഗത്തെത്തി.
വിശ്വനാഥന്റെ വീടിന് മുന്നിലെത്തി യൂത്തുകോണ്ഗ്രസ്സുകാര് അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
പന്ത്രണ്ടോളം സ്ഥലങ്ങളിലാണ് കോണ്‍ഗ്രസ്സിന് വിമതന്മാരുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് വിജയിച്ചത്. അതില്‍ തന്നെ ഒരാള്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് വിജയം കൈവരിച്ചത്. സിപിഎമ്മിലെ മേയര്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം മുറുകിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ എല്‍ഡിഎഫിന് ഭരിക്കാമെങ്കിലും അവര്‍ നേരത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കണ്ണംകുളങ്ങര ഡിവിഷനില്‍ നിന്നും മത്സരിച്ച ഷീലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇവിടെ ബിജെപിയാണ് വിജയം നേടിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ സിപിഎം നേതാക്കള്കൂര്ക്കഞ്ചേരി ഡിവിഷനില്‍ നിന്ന് ജയിച്ച ഗ്രീഷ്മയെയാണ് മേയറായി തെരഞ്ഞെടുക്കുവാനുള്ള നീക്കം നടത്തിയത്. ഇതിനിടയിലാണ് കൗണ്‍സിലില്‍ സീനിയറായ സുരേഷിനി സുരേഷിന്റെ പേര് ഉയര്‍ന്നുവന്നത്. ഇതോടെ തര്‍ക്കം മുറുകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: