ചേളാരി: പൊടിമൂടിക്കിടന്ന വടകര ജില്ലാ ആശുപത്രിയുടെ വരാന്തയിലേക്ക് കുമ്മനം ചൂലുമായി ഇറങ്ങിയപ്പോള്‍ ജീവനക്കാരും രോഗികളും ആദ്യമൊന്നമ്പരന്നു.വെള്ളമൊഴിച്ച് തറ കഴുകാന്‍ തുടങ്ങിയതോടെ എന്തെന്നറിയാന്‍ ആകാംക്ഷ വര്‍ദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനമാണെന്നറിഞ്ഞതോടെ ചൂലുമെടുത്ത് മറ്റുള്ളവരും ഇറങ്ങി.
രോഗാതുരമായ കേരളത്തിന് ശുചിത്വത്തിന്റെ സന്ദേശം പകര്‍ന്നാണ് ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിമോചന യാത്രക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി രണ്ടിന് നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിന് മുന്‍പായി മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കുമ്മനം ആഹ്വാനം ചെയ്തു. എല്ലാത്തിനും സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വയം സന്നദ്ധമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സേവന പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയത്തിന് പുതിയ മാനം നല്കിയ വിമോചന യാത്ര ശുചിത്വ ഭാരത സന്ദേശമുയര്‍ത്തിപ്പിടിച്ച് ഇന്നലെ മറ്റൊരു മാതൃക തീര്‍ക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ആദ്യ സ്വീകരണത്തിന് ശേഷം നടനവൈഭവം ഗുരു ചേമഞ്ചേരിയുടെ വീട്ടിലെത്തി യാത്രാനായകന് കുമ്മനം അനുഗ്രഹവും വാങ്ങി.
കോഴിക്കോടിന്റെ തീരഭൂമിയിലൂടെ ആവേശത്തിരയുയര്‍ത്തിയ പടയോട്ടത്തിന് ശേഷം വിമോചന യാത്ര മലപ്പുറത്തിന്റെ മണ്ണിലെത്തി. മത്സ്യത്തൊഴിലാളികളെ ദുരിതത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിട്ട മുന്നണി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണിതെന്ന് കുമ്മനം പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തെ അവഗണിച്ച രാഷ്ട്രീയ ശക്തികളില്‍ നിന്നുള്ള വിമോചനം അകലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നഗരം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ആവേശ്വോജ്ജ്വല സ്വീകരണത്തിന് ശേഷം യാത്ര മലപ്പുറം കൊണ്ടോട്ടിയിലെത്തി. ജില്ലാ അതിര്‍ത്തിയില്‍ നിന്നും നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യുവാക്കള്‍ മലപ്പുറത്തേക്ക് സ്വാഗതമോതിയത്. മതഭീകരതക്കിരയായി ബലിദാനിയായ രാമസിംഹന്റെ നാട്ടില്‍ പ്രതിരോധത്തിന്റെ പുതിയ പടയണി തീര്‍ത്താണ് വിമോചന യാത്ര ചേളാരിയില്‍ സമാപിച്ചത്.
ഇന്ന് കൊളപ്പുറം, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, ചമ്രവട്ടം, എടപ്പാള്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ യാത്ര സ്വീകരണം ഏറ്റുവാങ്ങും. ഒ. രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി. ശ്രീശന് മാസ്റ്റര്‍, പി.എം. വേലായുധന്, സംസ്ഥാന സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണന്, രാജി പ്രസാദ്, വി.കെ.സജീവന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രകാശ്ബാബു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജയചന്ദ്രന് മാസ്റ്റര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ. രാമചന്ദ്രന് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: