വര്‍ക്കല : വിമോചനയാത്ര നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ശിവഗിരി മഠത്തിലെത്തി. തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്വീകരണം വര്‍ക്കലയിലായിരുന്നു. സ്വീകരണത്തിന് ശേഷമാണ് കുമ്മനം ശിവഗിരിയിലെത്തിയത്. തുടര്‍ന്ന് കുമ്മനം രാജശേഖരനും യാത്രയിലെ അംഗങ്ങളും മഠത്തിലെ ഭോജനശാലയിലെത്തി സ്വാമിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ ചേര്‍ന്ന് കുമ്മനത്തെ ഷാള്‍ അണിയിച്ചു. വിമോചനയാത്രയ്ക്ക് ഗുരുദേവന്റെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാകുമെന്ന് സ്വാമി പ്രകാശാനന്ദ പറഞ്ഞു. യാത്രാവിവരങ്ങള്‍ പത്രത്തിലൂടെ അറിയുന്നുണ്ടെന്നും വന്‍ വിജയമാണെന്ന് മനസിലാകുന്നതില്‍ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.
ബിജെപി ദേശീയസമിതി അംഗം പി.കെ കൃഷ്ണദാസ്, ജാഥാ കണ്‍വീനര്‍ എം.ടി രമേശ് എന്നിവരെയും സ്വാമി പ്രകാശാനന്ദ ഷാള്‍ അണിയിച്ചു. ജാഥാ അംഗങ്ങള്‍ക്കെല്ലാം സ്വാമി പ്രകാശാനന്ദ ത്രിമധുരം നല്കി. പിന്നീട് അടച്ചിട്ട മുറിയില്‍ കുമ്മനവുമായി സ്വാമി പ്രകാശാനന്ദ, ഋതംഭരാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരു പ്രസാദ് എന്നിവര്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: