കൊച്ചി: കേരളത്തില്‍ ഒരു മാസത്തിനകം മഴയെത്തുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലും കൊച്ചി നഗരസഭാ പരിധിയിലെ മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. നഗരത്തില്‍ മാലിന്യ നീക്കം പൂര്‍ണ തോതില്‍ നടപ്പാകാത്തതിനാല്‍ കാനകളുടെ ശുചീകരണവും അവതാളത്തിലായിരിക്കുകയാണ്. എന്നാല്‍ മിക്ക പ്രദേശങ്ങളിലും സ്ലാബുകള്‍ തകര്‍ന്ന് ഇവ കാനകളില്ത്തന്നെ വീണു കിടക്കുന്നു. നവീകരണ നടപടിക്ക് ഇനിയും ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതിയും കിട്ടിയിട്ടില്ല.
ഹൈക്കോടതി, ഇടപ്പള്ളി, കലൂര്‍ ഭാഗങ്ങളില്‍ റോഡില്‍ ടൈലുകള്‍ പാകിയ പണികളും അശാസ്ത്രീയമാണെന്ന് ആരോപണമുണ്ട്. ഇവിടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്ന അവസ്ഥയില്‍ തൊഴിലാളികളെ ഇറക്കി കാനകള്‍ വൃത്തിയാക്കാന്‍ വേണ്ട മാന്ഹോളുകളുകളും ഉണ്ടാകിയിട്ടില്ല.
കാനകള്‍ യഥാസമയം നവീകരിക്കാത്തതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷ സമയത്ത് നഗരം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ട്. ദിവസങ്ങളോളം വെള്ളംകെട്ടി നില്കുന്ന പ്രദേശങ്ങളും കൊച്ചിയിലുണ്ട്. മെയ് ആദ്യ വാരം തന്നെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മഴയെത്തുന്നതിന് മുമ്പ് നഗരസഭാ പ്രദേശത്തെ കാനകള്‍ വൃത്തിയാക്കുകയും, തോടുകളിലെയും കായലുകളിലെയും പോള നീക്കം ചെയ്യേണ്ടതുമാണ്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, വൈറ്റില തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷമാവുന്നത്. സാധാരണ മഴയില്‍ പോലും പ്രദേശങ്ങളിലെ കോളനികളിലും മറ്റും വെള്ളം കയറുന്നത് പതിവാണ്. കാനകളിലും തോടുകളിലും നീരൊഴുക്ക് സുഗമമല്ലാത്തതാണ് വെള്ളക്കെട്ടിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം കാനകളില്‍ മാലിന്യം നിറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. കാനകള്‍ ശുചീകരിക്കാന്‍ ഡിവിഷന് അടിസ്ഥാനത്തില്‍ രണ്ട് തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്നും, ജൂണ്‍ മാസത്തിനുള്ളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: