ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് കളത്തിലെ സ്ഥിരതയുടെ പര്യായമൊന്നുമല്ല ന്യൂസിലാന്റ്. എങ്കിലും ചിലപ്പോഴൊക്കെ അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ ഏവരെയും അത്ഭുതപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇക്കുറി കിവികളില്‍ നിന്ന് ആരാധകര്‍ ചിലതൊക്കെ പ്രതീക്ഷിക്കുന്നു. ഇതിനു മുന്‍പ് ആതിഥ്യം വഹിച്ച 1987ല്‍ സെമിയില്‍ കടന്ന് സ്വന്തം ടീം ചരിത്രം സൃഷ്ടിച്ചതിന്റെ ഓര്‍മ്മകള്‍ ഇന്നും അവരുടെ മനസിലുണ്ട്.
ഇക്കുറി ഒരുപടികൂടെ കടന്ന് കിരീടം ഷെല്‍ഫിലെത്തിക്കുക തന്നെ ബ്ലാക്ക് ക്യാപ്സിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് ശുഭാരംഭം കുറിച്ച് ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും ഏഷ്യന്‍ ശക്തികളുമായ ശ്രീലങ്കയെ 98 റണ്‍സിന് ബ്ലാക്ക് ക്യാപ്സ് നിഷ്കരുണം തച്ചുതകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 6 വിക്കറ്റ് ബലികഴിച്ച് 331 റണ്‍സ് വാരിയപ്പോള്‍ സിംഹളവീരരുടെ മറുപടി 46.1 ഓവറില്‍ 233ല്‍ ഒതുങ്ങി.
കളിയുടെ സമസ്ത തലങ്ങളിലും ലങ്കയെ കാതങ്ങള്‍ പിന്തള്ളി പിടിച്ചെടുത്ത ജയത്തിലൂടെ ന്യൂസിലാന്റ് പ്രതിയോഗികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട അവരുടെ മിക്ക ബാറ്റ്സ്മാന്മാരും തരക്കേടില്ലാത്ത സംഭാവനകള്‍ നല്കി. മാര്ട്ടിന് ഗുപ്റ്റിലും (49) ഓപ്പണറുടെയും നായകന്റെയും റോളുള്ള ബ്രണ്ടന്‍ മക്കല്ലവും (65) ന്യൂസിലാന്റ് സ്കോറിന് ഉശിരന്‍ അടിത്തറ പാകി.
ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ ലങ്കയുട്വെ തുറപ്പുചീട്ട് ലാസിത് മലിംഗ പോലും തല്ലുകൊണ്ടു പൊളിഞ്ഞു. മലിംഗയുടെ ഒരോവറില്‍ കിവികള്‍ 23 റണ്‍സ് വാരി. അതില്‍ ഇരുപതും മക്കല്ലത്തിന്റെ സംഭാവനയും. മലിംഗയുടെ സഹപേസര്‍ നുവാന്‍ കുലശേഖരയും റണ്‍സ് വഴങ്ങുന്നതില്‍ പിന്നില്‍ നിന്നില്ല. സുരാംഗ ലാക്മലും സ്പിന്നര്‍ രംഗന ഹെറാത്തും പന്തെടുത്തപ്പോഴാണ് ലങ്കയ്ക്ക് ശ്വാസം വീണത്. അഞ്ചു ബൗണ്ടറികള്‍ കുറിച്ച ഗുപ്റ്റിലിനെ ലാക്മല്‍ വീഴ്ത്തിയപ്പോള്‍ പത്തു ഫോറുകളും ഒരു സിക്സറും പറത്തിയ മക്കലത്തെ ഹെറാത്ത് തിരിച്ചയച്ചു.
ലെഗ്ഗി ജീവന് മെന്‍ഡിസ് കൂടി വന്നതോടെ മധ്യ ഓവറുകളില്‍ കിവികളുടെ റണ്‍ നിരക്ക് പിടിച്ചുനിര്‍ത്താന്‍ ലങ്കയ്ക്കു സാധിച്ചു. കെയ്ന്‍ വില്യംസണ് (57), റോസ് ടെയ്ലര് (14) എന്നിവരെ കൂടാരംപൂകിച്ച മെന്‍ഡിസ് എതിര് നിരയില്‍ ഭീതി വിതച്ചു. പക്ഷേ, രണ്ട് ഓവറില്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങി രണ്ടുപേരെ പുറത്താക്കിയ മെന്‍ഡിസ് അറിയാന്‍പറ്റാത്ത കാരണത്താല്‍ പിന്നീട് പന്തെറിഞ്ഞില്ല. അവസാന ഓവറുകളില്‍ ന്യൂസിലാന്റ് വീണ്ടും കത്തിക്കയറി. അതിനു ചുക്കാന്‍ പിടിച്ചത് 46 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സറുമടക്കം 75 റണ്‍സ് അടിച്ചുകൂട്ടിയ കോറി ആന്‍ഡേഴ്സനും. ലൂക്ക് റോഞ്ചിയും (29 നോട്ടൗട്ട്) ആതിഥേയരുടെ സ്കോറിന് കുതിപ്പേകി. ലാക്മല്‍ രണ്ടും കുലശേഖര, ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
ലങ്കന്‍ ഇന്നിംഗ്സിന്റെ തുടക്കവും മോശമായിരുന്നില്ല. പന്തു നന്നായി ടൈം ചെയ്ത ലാഹിരു തിരിമന്നെ ലങ്കയ്ക്ക് പ്രതീക്ഷ നല്കി. തിലകരത്നെ ദില്ഷന് (24) വെറ്റോറിയെ വണങ്ങിയെങ്കിലും കുമാര്‍ സംഗക്കാരയുടെ വരവോടെ ലങ്ക ഉണര്‍ന്നു. അനായാസം ബാറ്റ് ചുഴറ്റിയ തിരുമന്നെയും സംഗയും ലങ്കയെ അധികം പരിക്കേല്‍ക്കാതെ മുന്നോട്ടുകൊണ്ടുപോയി. പക്ഷേ, ട്രന്റ് ബൗള്‍ട്ട് സിംഹള പ്രതീക്ഷകളെ തകിടം മറിച്ചു.
65 റണ്‍സെടുത്ത തിരിമ്മന്നയെ ബൗള്‍ട്ട് ബൗള്‍ഡാക്കി. പിന്നാലെ മഹേല ജയവര്‍ധനയെ വെറ്റോറി റണ്ണെടുക്കാന്‍ അനുവദിച്ചില്ല. സംഗയെ (39) ബൗള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കുമ്പോള്‍ ലങ്ക ഏറെക്കുറെ തോല്‍വി സമ്മതിക്കുകയും ചെയ്തു. ക്യാപ്ടന് എയ്ഞ്ചലോ മാത്യൂസ് (46) നേരിയ ചെറുത്തുനില്‍പ്പ് നടത്തി. എന്നാല്‍ വാലറ്റത്തിന്റെ സംഭാവന തുലോമായപ്പോള് ലങ്ക കനത്ത പരാജയത്തിലേക്ക് വഴുതിവീണു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ രണ്ട് വിക്കറ്റുകള്‍ കൂടി പോക്കറ്റിലാക്കിയ ആന്ഡേഴ്സന് കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: