മെല്‍ബണ്‍: പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും സിംബാബ്വെയെ പരാജയപ്പെടുത്തിയതിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്ന് പൂള് ബിയിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടും. രാവിലെ 9ന് മത്സരം ആരംഭിക്കും.
ലോകകപ്പിന്റെ വേദിയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് ബാലികേറാമലയാണ്.
മൂന്നുതവണ ഇതിന് മുന്‍പ് ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം ദക്ഷിണാഫ്രിക്കക്കായിരുന്നു. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയിരുന്നു. മൂന്നുതവണയും ദക്ഷിണാഫ്രിക്കന്‍ വിജയം ഇന്ത്യന്‍ സ്കോറിനെ പിന്തുടര്ന്നായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ടോസ് ഏറെ നിര്‍ണായകമാകുമെന്ന് ഉറപ്പ്.
ചരിത്രം തിരുത്താനുറച്ചുതന്നെയാണ് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. വിരാട് കോഹ്ലിയുടെയും സുരേഷ് റെയ്നയുടെയും മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏറെക്കാലമായി ഫോമിലല്ലാതെ വലഞ്ഞിരുന്ന ശിഖര്‍ ധവാനും കഴിഞ്ഞ പാക്കിസ്ഥാനെതിരായ കളിയില്‍ ഫോം വീണ്ടെടുത്തതും ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നു.
പാക്കിസ്ഥാനെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറക്കുക. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി പാക് ഇന്നിംഗ്സിനെ നെടുകെ പിളര്‍ന്ന മുഹമ്മദ് ഷാമി, രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ എന്നിവരായിരിക്കും ഇന്നും ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുക.
ഒപ്പം പരിക്കില്‍ നിന്ന് മുക്തനായ ആര്. അശ്വിന് കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയതും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നുണ്ട്. ഭുവനേശ്വര്‍കുമാറും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ഫീല്‍ഡിംഗില്‍ പല പാളിച്ചകളുമുണ്ട്. ദക്ഷിണാഫ്രിക്കപോലൊരു ടീമിനെതിരെ കളിക്കുമ്പോള്‍ ഫീല്‍ഡിംഗ് ഏറെ നിര്‍ണായകമാവും. പാക്കിസ്ഥാനെതിരായ കളിയില്‍ ക്യാച്ച് എടുക്കുന്നതിലും റണ്ണൗട്ട് അവസരങ്ങള്‍ മുതലാക്കുന്നതിലും ടീം ഇന്ത്യ പരാജയമായിരുന്നു എന്ന് പറയേണ്ടിവരും.
എ.ബി. ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ഡികോക്ക്, ഡുപ്ലെസിസ്, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമ്നി എന്നീ ലോകോത്തര ബാറ്റ്സ്മാന്മാര് അണിനിരക്കുന്ന ദക്ഷിണാഫ്രിക്കയെ കീഴടക്കണമെങ്കില്‍ ബൗളിംഗിലും ഫീല്‍ഡിലും അപാരമായ മികവ് പ്രകടിപ്പിച്ചേ മതിയാവൂ. അതിന് സാധിച്ചില്ലെങ്കില്‍ ഇത്തവണയും ഇന്ത്യക്ക് കണ്ണീരുകുടിക്കാം. കൂടാതെ ഡ്വെയ്ല് സ്റ്റെയിനും ഫിലാന്‍ഡറും മോണെ മോര്‍ക്കലും ഉള്‍പ്പെടുന്ന പേസ് ബൗളിംഗ്പടയെ നേരിടുന്നതിലെ മിടുക്കിനനുസരിച്ചിരിക്കും ഇന്ത്യയുടെ ഇന്നത്തെ സാധ്യതകള്‍. ലോകത്തെ ഏറ്റവും മികച്ച ബൗൡഗ് പടയാണ് ദക്ഷിണാഫ്രിക്കയുടേത്. എങ്കിലും ഒറ്റ ജയത്തിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ ടീം ഇന്ത്യക്ക് കഴിയുമെന്നതിനാല്‍ പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പ്.
ഇന്ന് ഡുനെഡിനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. പുലര്‍ച്ചെ 3.30നാണ് കളി ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: