ബ്രിസ്ബെയ്ന്‍: ലോകകപ്പില്‍ ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് പൂള് എയിലെ ഈ മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ മത്സരത്തില്‍ ജയിച്ച ഓസ്ട്രേലിയക്കും ബംഗ്ലാദേശിനും ഇതോടെ മൂന്ന് പോയിന്റ് വീതമായി. ഒരു പന്തുപോലും എറിയാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് റിസര്‍വ്വ് ഡേ ഇല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും 20 ഓവര്‍ മത്സരത്തിനുള്ള അവസരമെങ്കിലും ഉണ്ടെങ്കിലേ മത്സരം ഐസിസി ഔദ്യോഗികമായി അംഗീകരിക്കൂ. മത്സരത്തിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
ബ്രിസ്ബെയ്ന്‍ തീരത്ത് ആഞ്ഞടിച്ച മാര്‍സ്യ എന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്ത മഴയുണ്ടായത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരിക്കിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങിയിരുന്ന മത്സരമായിരുന്നു ഇത്. രണ്ട് ദിവസമായി കാറ്റു വീശുകയാണ്. കനത്ത മഴയും പ്രദേശത്തു പെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ മത്സരം ഉപേക്ഷിച്ചേക്കുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ മൂന്ന് കളികളില്‍ മൂന്നെണ്ണത്തിലും ജയിച്ച ന്യൂസിലന്‍ഡ് ആണ് ഗ്രൂപ്പ് എ യില്‍ ഒന്നാമത്. ആറ് പോയിന്റ് ഉള്ള കിവികള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഓസീസിനും ബംഗ്ലാദേശിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഓസീസാണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: